ജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
1458946
Saturday, October 5, 2024 2:32 AM IST
മൂന്നാർ: ഇടുക്കി ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസയിലാണ് പണം ഈടാക്കുന്നത്. കരാർ ഏറ്റെടുത്തിട്ടുള്ള ആന്ധ്ര കന്പനിയാണ് പണം ഈടാക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം തുടങ്ങിയത്. പ്രദേശവാസികളിൽനിന്നു പണം ഈടാക്കുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പോലീസിന്റെ സാന്നിധ്യത്തിലാണ് ടോൾപിരിവ് തുടങ്ങിയത്.
സാങ്കേതിക പിഴവുകൾ കാരണം പിരിവ് വൈകിയത് വാഹനം കടന്നുപോകുന്നതിന് അല്പ നേരം തടസം നേരിട്ടു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപയുടെ പാസ് എടുത്താൽ ഇതിലൂടെ യാത്ര ചെയ്യാം. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 35 രൂപയാണ് നിരക്ക്. ഇരുവശങ്ങളിലേക്കും 55 രൂപ. പ്രതിമാസം 50 യാത്രകൾക്ക് 1,225 രൂപയുടെ പാസ് എടുക്കാം. മിനി ബസിന് ഒരു വശത്തേക്ക് 60 രൂപ നൽകണം. ഇരുവശങ്ങളിലേക്കും 90 രൂപയും പ്രതിമാസം 1,980 രുപയുമാണ് നിരക്ക്.
ബസ്, ട്രക്ക് മുതലായ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 125 രൂപയും ഇരുവശങ്ങളിലേക്ക് 185 രൂപയും നൽകണം. പ്രതിമാസം 4,150 രൂപയാണ്. ഭാരവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 195 രൂപയാണ് നിരക്ക്. ഇരുവശങ്ങളിലേക്കും 295 രൂപ. പ്രതിമാസം 6,505 രൂപ. ഏഴിൽക്കൂടുതൽ ആക്സിൽ ഉള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 240 രൂപയും ഇരുവശങ്ങളിലേക്ക് 355 രൂപയും പ്രതിമാസം 7,920 രൂപയും നൽകണം. ദേശീയ പാതയുടെ ഭാഗമായ മൂന്നാർ മുതൽ ബോഡിമെട്ടു വരെയുള്ള 41 കിലോമീറ്റർ ഭാഗമാണ് 371.83 കോടി രൂപ മുടക്കി നവീകരിച്ചത്.
2017 ൽ പണി ആരംഭിച്ച് 24 മാസത്തിനകം പൂർത്തീകരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും നിരവധിയായ പ്രശ്നങ്ങൾ ഉയർന്നത് റോഡുപണി വൈകുന്നതിന് കാരണമായി. റോഡിനായി വൻതോതിൽ പാറകൾ ഖനനം ചെയ്യുന്നതായുള്ള ആരോപണം ഉയർന്നത് റോഡുപണി വിവാദത്തിലാക്കിയിരുന്നു. പാറകൾ ഖനനം ചെയ്ത ഭാഗത്ത് നിരവധി തവണ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത് പണികൾ അനിശ്ചിതമായി വൈകുന്നതിന് ഇടയാക്കി.
ദേവികുളത്ത് മരംമുറിക്കുന്നതുമായ ബന്ധപ്പെട്ട് വനംവകുപ്പുമായി ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിന് ഏറെക്കാലം വേണ്ടി വന്നു. ഇടയ്ക്കിടെയുള്ള പ്രകൃതിക്ഷോഭവും പണികൾ വൈകിപ്പിച്ചു. പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് മണ്ണിടിച്ചിൽമൂലം കൃഷി സ്ഥലവും പാർപ്പിടവും നഷ്ടപ്പെട്ടവർക്ക് കരാറുകാർ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യവും ഉണ്ടായിരുന്നു.