ഇടുക്കി സഹോദയ കലോത്സവത്തിന് തൂക്കുപാലത്ത് വര്‍ണാഭമായ തുടക്കം
1458940
Saturday, October 5, 2024 2:31 AM IST
നെടുങ്കണ്ടം: പത്താമത് സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തിരശീല ഉയർന്നു. രണ്ട് ദിവസങ്ങളില്‍ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ കൗമാര കലകള്‍ വിസ്മയം തീര്‍ക്കും.
130 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഹൈറേഞ്ച് മേഖലയിലെ 33 സിബിഎസ്ഇ സ്കൂളുകളില്‍നിന്നു രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.
കുച്ചിപ്പുടി, തിരുവാതിര, പാശ്ചാത്യ സംഗീതം, മൈം, മോഹിനിയാട്ടം, നാടോടിനൃത്തം, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, പ്രസംഗം, പദ്യപാരായണം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്.
ഇന്ന് സ്കിറ്റ്, ഒപ്പന, കോല്‍കളി, മാര്‍ഗംകളി, ഭരതനാട്യം, ഗ്രൂപ്പ് സോംഗ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
സ്കൂള്‍ മാനേജര്‍ മദര്‍ സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയ പ്രസിഡന്റ്് ഫാ. ബിജോയി സ്കറിയ അധ്യക്ഷത വഹിച്ചു. കേഥാര്‍നാഥും കാത്തുവും ഉദ്ഘാടന വേദിക്ക് താരപരിവേഷം നല്കി. വിജയമാതാ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീന, ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റര്‍ ഷെറിന് തെക്കേല്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്യും.