അശാസ്ത്രീയ നിർമാണം: ദുരിതംവിതച്ച് വെള്ളക്കെട്ട്
1457921
Tuesday, October 1, 2024 4:05 AM IST
തൊടുപുഴ: നഗര സൗന്ദര്യവത്കരണം വിനയായി. വെള്ളക്കെട്ട് ഒഴിയാതെ തൊടുപുഴ നഗരം. കാഞ്ഞിരമറ്റം - മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിനു സമീപം ചെറിയ മഴ പെയ്താൽ പോലും വെള്ളമുയർന്ന് യാത്ര ദുഷ്കരമാകും.
ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത മഴയിലും ഇവിടെ വെള്ളമുയർന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കുമാണ് ഇവിടുത്തെ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നത്.
തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷൻ മുതൽ ന്യൂമാൻ കോളജിന് സമീപം വരെ പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ നവീകരണ പ്രവർത്തികളാണ് ജനങ്ങൾക്ക് വിനയായത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയുടെ ഇരു വശങ്ങളിലും സ്ലാബിട്ട് ടൈൽ വിരിച്ച് സംരക്ഷണ വേലി സ്ഥാപിച്ച് പ്രദേശം ആകർഷകമാക്കിയിരുന്നു. കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായാണ് റോഡിന്റെ വശങ്ങളിൽ നടപ്പാതകൾ നിർമിച്ച് സംരക്ഷണ വേലി സ്ഥാപിച്ചത്.
എന്നാൽ, ഇതേത്തുടർന്ന് റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയായി. വെള്ളം ഒഴുകിപ്പോകാൻ വ്യാസം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതിനെത്തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടും. വാഹനങ്ങൾ കടന്ന് പോകുന്പോൾ കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹന യാത്രക്കാരുടെയും മേൽ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. പലപ്പോഴും വെള്ളക്കെട്ടിന് നടുവിലെത്തുന്പോൾ വാഹനങ്ങൾ നിന്നുപോകുന്ന സാഹചര്യവുമുണ്ട്. മഴ മാറിയാലും ഏറെ സമയം റോഡിൽ വെള്ളം കെട്ടിനിൽക്കും.
വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് ഇതു പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. വെള്ളം ഒഴുകിപ്പോകാനായി റോഡിന്റെ സൈഡിൽ ചാലുകൾ തീർത്തെങ്കിലും ഇതൊന്നും വെള്ളക്കെട്ടിനു ശാശ്വത പരിഹാരമായില്ല. ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ പദ്ധതിയാണ് ഇപ്പോൾ ദുരിതമായി മാറിയിരിക്കുന്നതെന്നാണ് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നത്.