കൈക്കൂലികേസിൽ സസ്പെൻഷനിലായ എഇ സർവീസിൽ പ്രവേശിച്ചു; മണിക്കൂറിനുള്ളിൽ വിരമിച്ചു
1457920
Tuesday, October 1, 2024 4:05 AM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ പഞ്ചായത്ത് അസിസ്റ്റന്റ് എൻജനിയർ സസ്പെൻഷൻ പിൻവലിച്ച ദിവസം ജോലിയിൽ തിരികെ പ്രവേശിക്കുകയും മണിക്കൂറുകൾക്കുള്ളിൽ വിരമിക്കുകയും ചെയ്തു.
തൊടുപുഴ നഗരസഭാ അസിസ്റ്റന്റ് എൻജനിയറായിരിക്കേ കൈക്കൂലി കേസിൽ അറസ്റ്റിലായ സി.ടി. അജിയാണ് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം അറക്കുളം പഞ്ചായത്തിൽ എഇയായി ജോലിയിൽ തിരികെ പ്രവേശിച്ചത്. കഴിഞ്ഞ ജൂണ് 25നാണ് സി.ടി. അജിയെയും ഇടനിലക്കാരൻ റോഷൻ സർഗത്തേയും തൊടുപുഴ നഗരസഭാ ഓഫീസിൽ വച്ച് വിജിലൻസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജും പ്രതിയായിരുന്നു.
ജയിലിയായിരുന്ന അജിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കേസിൽ തുടരന്വേഷണം നടത്തിയ വിജിലൻസ് ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇതിനിടെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അജി തദ്ദേശ സ്വയംഭരണ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി അജിയെ തിരികെ ജോലിയിൽ പ്രവേശിക്കാനും വിരമിക്കാനും അനുവദിക്കണമെന്ന് കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദേശം നൽകി.
അതേ സമയം അജിക്കെതിരായ വിജിലൻസ് അന്വേഷണം തുടരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജനിയറുടെ മുന്നിൽ ഹാജരാകാൻ പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. ഇതിന്റെ തുടർച്ചയായാണ് അസി. എൻജനിയർ പദവി ഒഴിവുള്ള അറക്കുളം പഞ്ചായത്തിൽ എത്തി ഒപ്പിട്ട് ജോലിയിൽ പുനഃപ്രവേശിക്കാൻ എഎക്സ്ഇ നിർദേശിച്ചത്. ഈ ഉത്തരവുമായി ഇന്നലെ ഉച്ചയ്ക്ക് മുന്പ് അറക്കുളം പഞ്ചായത്ത് ഓഫീസിലെത്തി അസി. എൻജനിയറായി അജി ജോലിയിൽ തിരികെ പ്രവേശിച്ചു.
മണിക്കൂറുകൾക്കുള്ളിൽ സർവീസിൽനിന്ന് ഒൗദ്യോഗികമായി വിരമിക്കുകയും ചെയ്തു. അതേ സമയം വിജിലൻസിനോട് കേസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരുന്നില്ലെന്ന് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.
വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റവിമുക്തനായെങ്കിൽ മാത്രമേ അജിക്ക് വിരമിക്കൽ ആനുകൂല്യം പൂർണമായും ലഭിക്കാൻ സാധ്യതയുള്ളു. കൈക്കൂലിക്കേസിൽ അകപ്പെട്ട തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന് പിന്നീട് പദവി രാജിവയ്ക്കേണ്ടിയും വന്നിരുന്നു.