കുടിവെള്ള പൈപ്പ്പൊട്ടി റോഡ് തകർന്നു
1457910
Tuesday, October 1, 2024 12:49 AM IST
മുട്ടം: ഗവ. ആശുപത്രിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം നിലച്ചു. ഇന്നലെ രാവിലെയാണ് റോഡിനു നടുവിലായി പൈപ്പ് പൊട്ടിയത്. മുട്ടം പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് കുടിവെള്ളവിതരണം നടത്തുന്ന പ്രധാന ജലവിതരണ പൈപ്പാണ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതിന് അര മീറ്റർ അകലത്തിലാണ് റോഡ് തകർന്നത്. 20 വർഷങ്ങൾക്ക് മുൻപ് ജലവിതരണത്തിനായി സ്ഥാപിച്ച ആസ്പസ്റ്റോസ് പൈപ്പാണ് പതിവായി പൊട്ടുന്നത്.
ഇതിന് അനുയോജ്യമായ പൈപ്പ് ലഭ്യമാക്കുന്നതിന് വാട്ടർ അഥോറിറ്റി അധികൃതർ നേരത്തെ തീവ്രമായ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. പൈപ്പിലെ തകരാർ പരിഹരിച്ചെങ്കിൽ മാത്രമേ റോഡിന്റെ അറ്റകുറ്റപ്പണി നടത്താനാവു എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. അടിയന്തരമായി പൈപ്പ്പൊട്ടൽ പരിഹരിച്ച് റോഡ് തകരാർ പരിഹരിക്കണമെന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഇരുവകുപ്പുകളോടും ആവശ്യപ്പെട്ടു. ഇന്നുതന്നെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതായി പ്രസിഡന്റ് പറഞ്ഞു.