ലോക വയോജനദിനം: ഗുഡ് സമരിറ്റൻ ആതുരാശ്രമം 21-ാം വർഷത്തിൽ
1457906
Tuesday, October 1, 2024 12:48 AM IST
രാജകുമാരി: അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായ രാജകുമാരി കുരുവിളസിറ്റി ഗുഡ് സമരിറ്റൻ ആതുരാശ്രമം ഇരുപത്തിയൊന്നാം വർഷത്തിലേക്ക്. 1999 ലാണ് ഫാ. ബെന്നി ഉലഹന്നാൻ കാരുണ്യ ആശ്രമത്തിന് തുടക്കമിട്ടത്.
രാജകുമാരി നോർത്തിലെ കടത്തിണ്ണകളിൽ രോഗിയായി അവശതയിൽ കിടന്നുറങ്ങിയിരുന്ന 104 വയസുകാരനായ ചോതിക്കുട്ടപ്പൻ എന്ന വയോധികനെ സ്വന്തം ഭവനത്തിൽ കൊണ്ടുവന്ന ശുശ്രൂഷിച്ചാണ് ഫാ. ബെന്നി കാരുണ്യ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്.
ഇതോടെ അഭയം തേടിയെത്തുന്നവരുടെ എണ്ണവും വർധിച്ചു. അങ്ങനെയാണ് ഒരു ആശ്രമത്തിന് രൂപം കൊടുക്കുവാൻ ആംഗ്ലിക്കൻ സഭ വൈദികനായ ഇദ്ദേഹം ആലോചിച്ചത്.
കുടുംബ വിഹിതമായി കിട്ടിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് ഇവർക്കൊപ്പം താമസം ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽനിന്നും ജാതിമത വ്യത്യാസമില്ലാതെ സഹായം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 21 വർഷത്തിനുള്ളിൽ 500-ലധികം ആളുകൾക്ക് ഇവിടെ അഭയം നൽകുവാൻ കഴിഞ്ഞു.ഇപ്പോൾ 52 അന്തേവാസികൾ ഇവിടെയുണ്ട്.
ഇടുക്കി ജില്ലയിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ എന്ന ഖ്യാതി നേടിയ ബിജിയാണ് ഫാ. ബെന്നിയുടെ ഭാര്യ. അനാഥരായവരെയും മറ്റും ആശ്രമത്തിൽ എത്തിക്കുന്നത് ഇവരാണ്. മക്കളായ ഉലഹന്നാൻ ബെന്നിയും മാർക്കോസ് ബെന്നിയും ആശ്രമത്തിൽ ശുശ്രൂഷകരാണ്.