ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം: അന്വേഷണം ഇഴയുന്നു
1454482
Thursday, September 19, 2024 11:31 PM IST
അടിമാലി: മാങ്കുളം കൈനഗിരിയിൽ വിവാഹചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫറെയും സഹായിയെയും സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴയുന്നു. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. മുഖത്തും മൂക്കിനും ഇടിയേറ്റ ഇദ്ദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മർദനമേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോയടക്കം സാമൂഹ്യമാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടും ഇവരെ അറസ്റ്റ്ചെയ്യാൻ പോലീസ് താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ 16നു ഉച്ചകഴിഞ്ഞാണ് സംഭവം. വിവാഹചടങ്ങിന്റെ ചിത്രങ്ങൾ പകർത്താനായിരുന്നു മർദനമേറ്റ ജെറിനും സുഹൃത്തുക്കളും മാങ്കുളത്തെത്തിയത്.
രാവിലെ വിവാഹ ചിത്രങ്ങൾ പകർത്തേണ്ടതിനാൽ ഞായറാഴ്ച രാത്രി തന്നെ ജെറിനും സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. മാങ്കുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവർക്ക് താമസ സൗകര്യമൊരുക്കിയിരുന്നത്. സംഭവത്തിൽ പ്രതികളായവർ താമസിച്ചിരുന്നതും ഇതേ റിസോർട്ടിലായിരുന്നു. താമസിക്കാനുള്ള മുറിയുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ രാത്രിയിൽ ചില തർക്കങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. ഇതിന്റെ തുടർച്ചയെന്നോണം വിവാഹചിത്രങ്ങൾ പകർത്തി ജെറിനും സംഘവും മടങ്ങവെ പ്രതികൾ വാഹനത്തിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.
കല്ലാർ-മാങ്കുളം റോഡിൽ കൈനഗിരി ഗോമതിക്കടയ്ക്ക് സമീപമായിരുന്നു ആക്രമണം ഉണ്ടായത്. ജെറിനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്നെത്തിയ അക്രമികൾ വാഹനം റോഡിനു നടുവിലിട്ട് ജെറിന്റെ വാഹനം തടഞ്ഞു. പിന്നിട്ട് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ജെറിനെ ആക്രമിക്കുകയായിരുന്നു.
വാഹനത്തിന്റെ വാതിൽ വലിച്ച് തുറക്കാൻ ശ്രമിക്കുന്നതും അസഭ്യ വർഷം നടത്തുന്നതും വീഡിയോയിൽ കാണാനാകും. സംഘത്തിൽ ഒന്നിലധികം പേരുണ്ടായിരുന്നു. ഇവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ജെറിൻ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.