കാട്ടുപോത്ത് അക്രമണം: പ്രതിഷേധ സമരം നടത്തി
1454478
Thursday, September 19, 2024 11:31 PM IST
കുമളി : കുമളിക്ക് സമീപം 63 -ാം മൈലിൽ കാട്ടുപോത്ത് വയോധികയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ 63-ാം മൈലിൽ ഉപവാസസമരം നടത്തി. കാട്ടുപോത്ത് ആക്രമിച്ച സ്റ്റെല്ലയ്ക്ക് ചികിത്സാ സഹായവും ധന സഹായവും പ്രഖ്യാപിച്ച് വനം വകുപ്പ് പത്ത് ദിവസത്തിനകം വിഷയത്തിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അറുപത്തിമൂന്നാം മൈലിൽ വനാതിർത്തിയിൽ കൃഷിഭൂമിയിൽ നിന്ന സ്റ്റെല്ലയെ കാട്ടുപോത്ത് ആക്രമിച്ചത്.
വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സാ സഹായവും വന്യജീവി ആക്രമണം തടയാനുള്ള നടപടികളുമാണ് വനംവകുപ്പിന്റെ ഉറപ്പ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച സ്പ്രിംഗ് വാലി സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെങ്കിലും ആഴ്ചകളോളം നീണ്ട തുടർ ചികിത്സയ്ക്ക് പണം ലഭ്യമാക്കിയില്ല. നാമമാത്രമായ തുക നൽകി വനം വകുപ്പ് കൈയൊഴിഞ്ഞു. ഈ ഗതി സ്റ്റെല്ലയ്ക്ക് ഉണ്ടാകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റെല്ലക്ക് അടിയന്തരമായി ചികിത്സ, ധനസഹായം നൽകുക, പ്രദേശത്തുനിന്നു കാട്ടുപോത്തിനെ തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. കാട്ടുപോത്ത് ആക്രമിച്ച സ്റ്റെല്ലയ്ക്ക് അടിയന്തര ധന, ചികിത്സ സഹായം വനം വകുപ്പ് പ്രഖ്യാപിച്ചു. കോട്ടയം ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ സംഭവത്തിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകി. സംഭവത്തിൽ വനം വകുപ്പ് വീണ്ടും അലസത തുടർന്നാൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.