കർഷകസമരത്തിനു പിന്തുണയുമായി വിജയപുരം രൂപത മെത്രാനുമെത്തി
1454477
Thursday, September 19, 2024 11:31 PM IST
വണ്ടിപ്പെരിയാർ: ജനപ്രതിനിധികൾ ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് വിജയപുരം രൂപത മെത്രാൻ റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നു. ആക്രമണം മൂലം ആളുകൾക്കു പരിക്കേൽക്കുന്നു. ഇവയ്ക്കെല്ലാം പരിഹാരം കാണാൻ കഴിയാതെ പോകുന്നത് ഖേദകരമാണന്നും വിജയപുരം രൂപത മെത്രാൻ പറഞ്ഞു.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അറുപത്തി മൂന്നാം മൈലിൽ സംഘടിപ്പിച്ച സമരപ്പന്തലിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ അനിശ്ചിതകാല നിരാഹാരം സമരം സമര സമിതി കൺവീനർ ആന്റണി ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മ നേതാവ് മാർട്ടിൻ കൊച്ചുപുരയ്ക്കലാണ് നിരാഹാരം അനുഷ്ഠിച്ചത്.
കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സ്റ്റെല്ല എന്ന വയോധിക ഇപ്പോൾ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിരവധിയാളുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. അറുപത്തിരണ്ടാം മൈലിൽ നടന്ന നിരാഹാരസമരത്തിൽ കർഷക കൂട്ടായ്മയുടെ സെക്രട്ടറി സാജൻ കൊച്ചുപുര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, റോബിൻ കാരക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, പ്രിയങ്കാ മഹേഷ് ജോസഫ് തെക്കേൽ, ബാബു ആന്റപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.