തൂക്കുപാലത്ത് റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ നിറയെ വെള്ളം
1454474
Thursday, September 19, 2024 11:31 PM IST
നെടുങ്കണ്ടം: തൂക്കുപാലത്ത് എത്തുന്നവർ ഒന്ന് അമ്പരക്കും. റോഡിൽ വലിയ കുഴിയും കുഴി നിറയെ വെള്ളവും. റോഡിൽ മീൻകുളമോ അതോ സ്വിമ്മിംഗ് പൂളോ എന്ന് ചിന്തിച്ചുനിൽക്കുന്നവർക്ക് പ്രദേശവാസികൾ പറഞ്ഞുകൊടുക്കും. ഇത് കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേ നിർമാണത്തിന്റെ ഭാഗമായി തൂക്കുപാലം ടൗണിലെ കലുങ്ക് പുനർനിർമിക്കാൻ പൊളിച്ചിട്ടതാണന്ന്.
ഒന്നര മാസത്തോളമായി. ഇപ്പോൾ കുഴിയിൽ നിറയെ മലിനജലവും കൊതുകും. തിരക്കേറിയ തൂക്കുപാലം ടൗണിന്റെ ഹൃദയഭാഗത്താണ് കലുങ്ക് നിർമിക്കാൻ കുഴിയെടുത്തത്. കുഴിയിൽ നിറയെ ഓടയിലെ മലിനജലം നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. തൂക്കുപാലത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി മുൻപ് കണ്ടെത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ പിഴയീടാക്കിയെങ്കിലും കക്കൂസ് മാലിന്യമുൾപ്പെടെ ഇപ്പോഴും ഓടയിൽ ഒഴുക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഓടയിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് കല്ലാർ പുഴയിലേക്ക് ആണെന്നും പ്രദേശവാസികൾ പറയുന്നു. മലിനജലം നിറഞ്ഞ ടൗണിലെ കുഴി ഒരേ സമയം അപകടങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാൻ ഇടയുണ്ടായിട്ടും ആരോഗ്യ വിഭാഗവും പഞ്ചായത്ത് അധികൃതരും മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.
തിരക്കേറിയ ടൗണിലെ ഇപ്പോഴത്തെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം ഈ കുഴിയാണെന്ന് ഡ്രൈവർമാർ പറയുന്നു. കലുങ്ക് നിർമാണം എന്ന് ആരംഭിക്കുമെന്നതിലും വ്യക്തതയില്ല.