ഭൂപതിവ് ഭേദഗതി ചട്ടങ്ങൾ: സർക്കാർ അലംഭാവം പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ്
1454186
Wednesday, September 18, 2024 11:36 PM IST
ചെറുതോണി: കേരള നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരം ലഭിച്ച ഭൂപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയും അലംഭാവവും പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. ഭേദഗതി നിയമം നിയമസഭ പാസാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള ചട്ടങ്ങൾ രൂപീകരിച്ച് നടപ്പിലാക്കിയാൽ മാത്രമേ നിയമനിർമാണം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്നത് വ്യക്തമാകുകയുള്ളു. നിയമത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടും മാസങ്ങളായി.
കാർഡമം ഹിൽ റിസർവ് ഭൂമി വനഭൂമി ആക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന സർക്കാരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷ വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, അഡ്വ. തോമസ് പെരുമന, ആന്റണി ആലഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു.