സഞ്ചാരികളെ ആകര്‍ഷിച്ച് ചതുരംഗപ്പാറ
1454181
Wednesday, September 18, 2024 11:36 PM IST
നെടുങ്കണ്ടം: മനംകുളിരും കാഴ്ചകളൊരുക്കി ചതുരംഗപ്പാറ. കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ ദൃശ്യഭംഗി മതിവരുവോളം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ചതുരംഗപ്പാറ. 24 മണിക്കൂറും കുളിര് തെന്നല്‍ തഴുകുന്ന മലനിരകളും താഴ്വാരങ്ങളും കൊണ്ട് അനുഗൃഹീതമായ സ്ഥലമാണ് ഇത്.
മതികെട്ടാന്‍ മലനിരകളും പച്ചപ്പ് മാത്രമുള്ള പുല്‍മേടുകളും പ്രകൃതിയുടെ കരവിരുതില്‍ തീര്‍ന്ന പാറക്കെട്ടുകളും കൊണ്ട് സമ്പന്നമാണ് ഇവിടം. വിവിധ മലനിരകളിലൂടെ നടന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഒപ്പം തമിഴ്നാട് നിര്‍മിച്ചിരിക്കുന്ന കാറ്റാടികളും അടുത്ത് കാണാന്‍ സാധിക്കും. തമിഴ്നാടിന്റെ ഏറ്റവും അടുത്തുള്ള കാഴ്ചകളാണ് മറ്റൊരു ആകര്‍ഷണം. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന തമിഴ്നാട് ഇവിടെനിന്നും കാണാന്‍ കഴിയും. തമിഴ്നാട്ടിലെ വിവിധ കൃഷികളുടെയും റോഡുകളുടെയും ജലസ്രോതസുകളുകളുടെയുമെല്ലാം ആകാശ ദൃശ്യങ്ങൾ അവിസ്മരണീയമാണ്. നിരവധി വ്യൂ പോയിന്റുകളാണ് ഇവിടെയുള്ളത്. സാധാരണ ദിവസങ്ങളില്‍ അഞ്ഞൂറോളവും അവധി ദിവസങ്ങളില്‍ ആയിരത്തോളവും സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലെ ചതുരംഗപ്പാറ എന്ന ഗ്രാമത്തില്‍ നിന്നു രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രകൃതിയുടെ ഈ മനോഹര മടിത്തട്ടില്‍ എത്താം. ഈ ടൂറിസ്റ്റ് കേന്ദ്രം വരെ വാഹനം എത്തുമെന്നത് സഞ്ചാരികള്‍ക്ക് അനുഗ്രഹമാണ്. പിന്നീട് കാല്‍നടയായി മലനിരകളിലൂടെ കയറാന്‍ കഴിയും.
കാറ്റാടികള്‍
ഈ പ്രദേശത്തെ കാറ്റിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട്. 250 കിലോ വാട്ട് ശേഷിയുള്ള ഏഴ് വലിയ കാറ്റാടികളാണ് തമിഴ്നാട് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഈ കാറ്റാടികളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പത്ത് കിലോമീറ്ററോളം താഴെയുള്ള രസിംഗപുരം സബ് സ്റ്റേഷനിലാണ് എത്തിക്കുന്നത്. തമിഴ്നാടിന്റെ മലനിരകളില്‍ കൂടുതല്‍ കാറ്റാടികള്‍ സ്ഥാപിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.
ട്രെക്കിംഗ് സൗകര്യം
ചതുരംഗപ്പാറ കേന്ദ്രമാക്കി പത്തിലധികം വാഹനങ്ങളാണ് ഓഫ്റോഡ് സവാരി നടത്തുന്നത്. ചതുരംഗപ്പാറ മേഖലകളിലെ വിവിധ മലനിരകളിലേക്കും രാജാപ്പാറ ഉള്‍പ്പെടെയുള്ള സ്ഥലത്തേക്കുമാണ് സവാരി നടത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഓഫ് റോഡ് സവാരിയുടെ ആവേശം ആസ്വദിച്ചാണ് മടങ്ങുന്നത്.
അവസരങ്ങള്‍
പ്രയോജനപ്പെടുത്താതെ
കേരളം
ടൂറിസം രംഗത്തും വൈദ്യുതി ഉത്പാദന രംഗത്തും ഏറെ നേട്ടം കൈവരിക്കാനുതകുന്നതാണ് ചതുരംഗപ്പാറ. എന്നാല്‍, ഇവയൊന്നും പ്രയോജനപ്പെടുത്താന്‍ കേരളം ശ്രമിക്കുന്നില്ല. കേരളത്തിന്റെ സ്ഥലത്തുതന്നെ നിരവധി മലനിരകള്‍ ഉണ്ട്. ഇവിടങ്ങളില്‍ കാറ്റാടികള്‍ സ്ഥാപിച്ചാല്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നിരവധി വ്യൂ പോയിന്റുകള്‍ ഉണ്ടെങ്കിലും ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു പദ്ധതിയും കേരളം നടത്തിയിട്ടില്ല. മേഖലയിലേക്കുള്ള റോഡ് പോലും കുണ്ടുംകുഴിയുമായാണ് കിടക്കുന്നത്.
റിസോര്‍ട്ടുകള്‍ ധാരാളം
പത്തോളം റിസോര്‍ട്ടുകളാണ് ചതുരംഗപ്പാറയില്‍ മാത്രം സ്വകാര്യ മേഖലയില്‍ ഉള്ളത്. കാര്‍ഷിക മേഖലകളിലേക്കുള്ള സവാരി ഉള്‍പ്പെടെയുള്ളവയാണ് റിസോര്‍ട്ടുകള്‍ പ്രമോട്ട് ചെയ്യുന്നത്. കൂടാതെ നിരവധി ഫാമുകള്‍ സന്ദര്‍ശിക്കാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കുന്നുണ്ട്.