കുടുംബവഴക്കിനെത്തുടർന്ന് പോക്സോ കേസിൽ കുടുക്കി; കോടതി വെറുതേവിട്ടു
1453923
Tuesday, September 17, 2024 11:28 PM IST
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പേരിൽ പോക്സോ കേസിൽ കുടുക്കിയ രണ്ടാനച്ഛനെ കോടതി വെറുതേവിട്ടു. 2011-ൽ 16 വയസിൽ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി പീരുമേട് സിഐ കുറ്റപത്രം നൽകിയ കേസിൽ പീരുമേട് പഴയ പാന്പനാർ പുതുവൽ സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാൽ വെറുതേവിട്ടത്.
അതിജീവിത സംഭവത്തിനു ശേഷം നാലുമാസം കഴിഞ്ഞ് പീരുമേട് പോലീസിനു നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. അതിജീവിതയുടെ അമ്മയുടെ രണ്ടാം ഭർത്താവാണ് പ്രതി. പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടിലാണ് ഇവർ കുടുംബമായി താമസിച്ചിരുന്നത്. ഈ വീടും സ്ഥലവും വാങ്ങുന്നതിനായി പ്രതി രണ്ടു ലക്ഷം രൂപ അതിജീവിതയുടെ അമ്മാവനു നൽകിയിരുന്നു. എന്നാൽ വസ്തു എഴുതി നൽകാത്തതിനാൽ ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടാകുകയും പെണ്‍കുട്ടിയുടെ അമ്മ സഹോദരങ്ങളുടെ പക്ഷം ചേർന്ന് പ്രതിക്കെതിരേ കേസു കൊടുക്കുകയും ചെയ്തു.
അതിജീവിതയുടെ അമ്മാവൻമാർ പ്രതിയെ ആക്രമിക്കുകയും ചെയ്തിരുന്നു.
കേസ് രമ്യതയിലാക്കണമെന്ന ഉദ്ദേശ്യത്തോടെ അതിജീവിതയുടെ അമ്മയും അമ്മാവന്മാരും പ്രതിക്കെതിരേ പീഡന പരാതി ആരോപിക്കുകയായിരുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൻ, സാന്ത്വന എന്നിവർ ഹാജരായി.