ഏലയ്ക്ക തട്ടിപ്പ്: മുഖ്യപ്രതിയുടെ ഡ്രൈവർ ജീവനൊടുക്കി
1453918
Tuesday, September 17, 2024 11:28 PM IST
അടിമാലി: ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിനു കർഷകരിൽനിന്ന് ഏലയ്ക്ക വാങ്ങി തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതിയുടെ ഡ്രൈവർ ജീവനൊടുക്കി. മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്ഡിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ വിഷംകഴിച്ചാണ് ഇടുക്കി പണിക്കൻകുടി കുത്തേട്ട് കെ.കെ. കിഷോർ (31) ജീവനൊടുക്കിയത്.
മരിക്കുന്നതിനു രണ്ടു ദിവസം മുന്പാണ് കിഷോർ ലോഡ്ജിൽ മുറിയെടുത്തത്. ഇയാളെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
ഏലയ്ക്ക തട്ടിപ്പ് കേസിൽ ആലപ്പുഴയിൽനിന്നു മുഖ്യപ്രതിയായ മുഹമ്മദ് നസീറിനെ അറസ്റ്റ്ചെയ്തതിന്റെ പിറ്റേന്നാണ് കിഷോർ ജീവനൊടുക്കിയത്. പണിക്കൻകുടി, കൊന്പൊടിഞ്ഞാൽ മേഖലകളിൽനിന്നു ഏലയ് ക്ക എത്തിച്ചുനൽകിയിരുന്നത് കിഷോറായിരുന്നു. കേസിന്റെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭീതിമൂലമാണോ മറ്റാരുടെയെങ്കിലും സമർദം കാരണമാണോ ആത്മഹത്യയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
മുഖ്യപ്രതിയെ കസ്റ്റഡിയിൽ വാങ്ങി
ചോദ്യം ചെയ്യും
ഏലയ്ക്കാ തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ദേവികുളം സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്ന് അടിമാലി സിഐ പ്രിൻസ് ജോസഫ് പറഞ്ഞു. പ്രതിക്കെതിരേ അടിമാലി, നെടുങ്കണ്ടം, വെള്ളത്തൂവൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. തട്ടിപ്പിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളിൽ സംഭരണകേന്ദ്രങ്ങൾ ആരംഭിച്ച് മൊത്തമായും ചില്ലറയായും ഏലയ്ക്ക വാങ്ങിയാണ് വൻതട്ടിപ്പിന് കളമൊരുക്കിയത്. തുടക്കത്തിൽ കൃത്യമായി പണം നൽകിയാണ് ഏലയ്ക്കാ വാങ്ങിയിരുന്നതെങ്കിൽ പിന്നീട് 30 മുതൽ 45 ദിവസം വരെ അവധിയിലാണ് വാങ്ങിയത്. വിപണി വിലയെക്കാൾ 1,000-1500 രൂപ വരെ അധികവില നൽകിയായിരുന്നു സംഭരണം. അധികവില ലഭിച്ചതോടെ പ്രദേശത്തെ കർഷകർ ഒന്നടങ്കം ഇയാൾക്ക് ഏലയ്ക്ക എത്തിച്ചുനൽകുകയായിരുന്നു. പലർക്കും ശരിയായ ബില്ലുകൾ പോലും നൽകാതെയായിരുന്നു സംഭരണം.
പറഞ്ഞ സമയത്ത് പണം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പുവിവരം കർഷകർക്കു വ്യക്തമായത്. ഇതോടെ പണം ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തിയതോടെ ഇയാൾ സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഒരുലക്ഷം മുതൽ 70 ലക്ഷം രൂപവരെ പലർക്കും നൽകാനുണ്ടെന്നാണ് അറിയുന്നത്.
വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയും കബളിപ്പിക്കൽ
തട്ടിപ്പ് നടത്തി സ്ഥലത്തുനിന്നു മുങ്ങിയ പ്രതി വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പണം നൽകാനുള്ളവർക്ക് ഘട്ടംഘട്ടമായി പണം നൽകുമെന്ന് പറഞ്ഞ് ആളുകളെ കേസിൽനിന്നു പിന്തിരിപ്പിക്കാനും ശ്രമം നടന്നു. എന്നാൽ വൻചതിയാണ് ഇതിനുപിന്നിലും അരങ്ങേറിയത്.ഏതാനും പേർക്ക് നാമമാത്രമായ തുക നൽകി വിശ്വാസം ആർജിച്ചെടുത്ത് കേസിൽനിന്നു രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതു തിരിച്ചറിഞ്ഞ കർഷകർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. എൻ. ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.ഏലയ്ക്ക മൊത്തമായി വാങ്ങി ഗ്രേഡ് തിരിച്ച് ലോഡ് കയറ്റുന്നതിന് നിരവധി ജീവനക്കാരെയും പലയിടങ്ങളിലായി കന്പനിയുടെ പേരിൽ നിയോഗിച്ചിരുന്നു. കർഷകരിൽനിന്നു കമ്മീഷൻ വ്യവസ്ഥയിൽ ഏലയ്ക്ക വാങ്ങി കന്പനിക്ക് കൈമാറാൻ നിരവധി ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായി കർഷകർ പറയുന്നു.