വാഴപ്പഴങ്ങൾക്ക് വിലകുറഞ്ഞു
1453681
Tuesday, September 17, 2024 12:08 AM IST
തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും വാഴപ്പഴങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ വാഴപ്പഴങ്ങളുടെ വില കുറഞ്ഞു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ലോഡ്കണക്കിന് വാഴക്കുലകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ അതിർത്തി കടന്നെത്തിയത്.
ഒരാഴ്ചമുന്‍പുവരെ നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 65-70 രൂപയായിരുന്നു വിലയെങ്കിൽ ഉത്രാട ദിനത്തിൽ കിലോയ്ക്ക് വില 45-50 രൂപയിലേക്ക് കുത്തനെതാഴ്ന്നു. പലയിടത്തും രണ്ടുകിലോനേന്ത്രപ്പഴത്തിന് 100 എന്ന തോതിലായിരുന്നു വിൽപ്പന. കിലോയ്ക്ക് 90-100 രൂപയിലെത്തിയ ഞാലിപ്പൂവൻപഴത്തിന് 55-60 എന്ന തോതിലായിരുന്നു വില. പാളയംകോടൻ, റോബസ്റ്റ, പൂവൻ തുടങ്ങിയ എല്ലായിനം വാഴപ്പഴങ്ങളുടെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മൈസൂർ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നേന്ത്രക്കുലയടക്കം ഇത്തവണ കൂടുതലായി എത്തിയത്.
അതേസമയം ഓണവിപണി ലക്ഷ്യമിട്ട് ഇവിടെകൃഷിയിറക്കിയ കർഷകർ ഇത്തവണ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ മറ്റിടങ്ങളിൽ നിന്നു വാഴക്കുലകൾ എത്തിത്തുടങ്ങിയതോടെ നാടൻവാഴക്കുലകൾക്ക് ഡിമാന്‍ഡ് കുറയുകയും വിലയിടിയുകയുമായിരുന്നു. ഇനിയും വില കുറയാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം ഉത്പാദന ചെലവ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ നേന്ത്രക്കായ വില കിലോയ്ക്ക് 50 രൂപ തോതിൽ ലഭിച്ചെങ്കിൽ മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ.
വാഴപ്പഴങ്ങൾക്കു പുറമെ ഇത്തവണ പച്ചക്കറികൾക്കും കാര്യമായ വിലവർധനയുണ്ടായില്ല. ഹോർട്ടികോർപ്പ്, സപ്ലൈക്കോ, സഹകരണസംഘങ്ങൾ എന്നിവയുടെ ഒൗട്ട്ലറ്റുകൾവഴി വിപണിവിലയെക്കാൾ കുറവിൽ പച്ചക്കറികൾ വിറ്റഴിച്ചതാണ് വിലകുറയാൻ കാരണം. വിലക്കുറവ് ഇത്തവണ വിപണിയിൽ മികച്ച കച്ചവടം നടക്കാനും സഹായകമായി.