ബംഗളൂരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
1453672
Tuesday, September 17, 2024 12:07 AM IST
നെടുങ്കണ്ടം: ബംഗളൂരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂക്കുപാലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. തൂക്കുപാലം എംജി മന്ദിരത്തില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ സുനിലിന്റെയും മൂവാറ്റുപുഴ എന്‍എസ്എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് അനിതാകുമാരിയുടെയും ഇളയമകൻ ദേവനന്ദന് (നന്ദു- 23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെ സോലദേവനഹള്ളി റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ തലയടിച്ചുവീണ നിലയില്‍ ദേവനന്ദനെ കണ്ടെത്തുകയായിരുന്നു.
ആലുവ യുസി കോളജില്‍ എംഎ വിദ്യാര്‍ഥിയായിരുന്ന ദേവനന്ദന് പരീക്ഷയ്ക്കുശേഷം സുഹൃത്തുക്കളെ കാണാനായാണ് ബംഗളൂരുവിൽ എത്തിയത്. സുഹൃത്തുക്കള്‍ ദേവനന്ദനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരാള്‍ ഫോണെടുത്ത് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദേവനന്ദന് ഇന്നലെ പുലര്‍ച്ചെയോടെയാണ് മരിച്ചത്.
ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി പ്ലാറ്റ്ഫോമില്‍ വീണതാകാമെന്നു കരുതുന്നു. ശിവാജി നഗര്‍ ബൗറിംഗ് ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്നു മൂന്നിന് തൂക്കുപാലത്തെ വീട്ടുവളപ്പില്‍ നടക്കും. ജര്‍മനിയില്‍ ഡോക്ടറായ ദേവി ഏക സഹോദരിയാണ്.