നെടുങ്കണ്ടം-മേലേചിന്നാര്‍ റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന്
1453370
Saturday, September 14, 2024 11:48 PM IST
നെടുങ്കണ്ടം: സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം-പച്ചടി-മേലേചിന്നാര്‍ റോഡിന്റെ ആശാസ്ത്രീയത വ്യാപക അഴിമതിയുടെ പരിണിതഫലമാണെന്ന് കേരള കോണ്‍ഗ്രസ്-എം നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മഴക്കാലത്ത് വെള്ളം റോഡിലൂടെ കയറി ഒഴുകുന്ന രീതിയിലാണ് ഓടകള്‍ നിര്‍മിച്ചിരിക്കുന്നത്. ആവശ്യമായ കലുങ്കുകള്‍ ഇല്ലാത്തതും ഉള്ള കലുങ്കുകള്‍ തമ്മില്‍ വളരെയേറെ ദൂരമുള്ളതും കൃഷിഭൂമിയിലേക്ക് വെള്ളം കയറിയൊഴുകി നാശം വിതയ്ക്കാന്‍ കാരണമാകുന്നുണ്ട്. പല സ്ഥലങ്ങളിലും റോഡിന് ആവശ്യത്തിന് വീതിയും ഇല്ല. റോഡ് അലൈന്മെന്റ് പോലും അശാസ്ത്രീയമാണ്.
ഇതില്‍ വിശദമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ഷാജി എം. ഊരോത്ത്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.കെ. തങ്കച്ചന്, എന്‍.എം. തങ്കച്ചന്, വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റാണി തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.