ഇവിടെ വേഗനിയന്ത്രണ ബോർഡ് സ്ഥാപിച്ചു കൂടെ..?
1453086
Friday, September 13, 2024 11:50 PM IST
മുട്ടം: തൊടുപുഴ -പുളിയൻമല സംസ്ഥാനപാതയിൽ ശങ്കരപ്പിള്ളിയിൽ വളവിൽ വീണ്ടും അപകടം. വ്യാഴാഴ്ച ബസും കാറും കൂട്ടിയിടിച്ച് അപകടം നടന്ന അതേസ്ഥലത്ത് ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച അപകടത്തിൽപ്പെട്ട ബസ് ഇതേ വളവിൽ ഇട്ടിരുന്നതാണ് ഇന്നലെയുണ്ടായ അപകടത്തിന് കാരണം.
തൊടുപുഴ ഭാഗത്തേക്ക് വന്ന കുടയത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ വളവിൽ അപകടത്തിൽപ്പെട്ട് കിടന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽനിന്നും മറ്റൊരു വാഹനം വന്നു. വാഹനത്തിനു കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ കാർ ഡ്രൈവർ ബ്രേക്ക് ചെയ്തു. ഈ സമയം തൊട്ടുപിന്നിൽ വന്ന കട്ടപ്പന സ്വദേശിയുടെ കാർ പിന്നിലിടിക്കുകയായിരുന്നു.
യാത്രക്കാർക്ക് പരിക്കേറ്റില്ല. രണ്ടു കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
വളവിൽ ബസ് റോഡിൽ നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് കാർ ഡ്രൈവർമാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തെത്തുടർന്ന് റോഡിനോടു ചേർന്ന് പാർക്കു ചെയ്തിരുന്ന ബസ് ഇന്നലെ വൈകുന്നേരം വരെ സ്ഥലത്തു നിന്നു മാറ്റിയിട്ടില്ല.
അപകടസ്ഥലത്ത് വേഗനിയന്ത്രണ ബോർഡ് സ്ഥാപിച്ചാൽ തുടർച്ചയായി ഇവിടെയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണവും ഇവിടെ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.