മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും: മന്ത്രി
1453084
Friday, September 13, 2024 11:50 PM IST
ഇടുക്കി: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം സർക്കാർ ലക്ഷ്യമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദേവികുളത്ത് നിർമാണം പൂർത്തിയാക്കിയ റാപ്പിഡ് റെസ്പോണ്‍സ് ടീം ആന്‍ഡ് വെറ്ററിനറി ഫെസിലിറ്റി, മൂന്നാർ ഡിവിഷനിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, മൂന്നാർ വൈൽഡ്ലൈഫ് ഡിവിഷനിൽ നടപ്പാക്കിയ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്ഘാടനം ഇരവികുളം ദേശീയോദ്യാനത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വന്യജീവി ശല്യം നിയന്ത്രിക്കാൻ 4.46 കോടി ചെലവഴിച്ച് നബാർഡിന്റെ സഹായത്തോടെ ഫെൻസിംഗുകളും സോളാർ ഫെൻസിംഗുകളുമടക്കമുള്ള പദ്ധതികൾക്കായി ടെൻഡർ നൽകുകയും അതിന്റെ പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തതായും ഇവ പൂർത്തിയാകുന്നതോടെ ഒരു പരിധിവരെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏഷ്യയിലെ ആദ്യത്തെ കാർബണ്‍ നെഗറ്റീവ് ദേശിയോദ്യാനമായി ഇരവികുളത്തെ പ്രഖ്യാപിക്കുന്നതിനോടൊപ്പം പാന്പാടുംചോല നാഷണൽ പാർക്കിൽ നബാർഡിന്റെ സാന്പത്തിക സഹായത്തോടെ 320 ഹെക്ടർ സ്ഥലത്ത് അധിനിവേശ വൈദേശിക സസ്യങ്ങളെ നിർമാർജനം ചെയ്ത് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യോഗത്തിൽ എ.രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.