ഓണം പടിവാതിൽക്കൽ: ഇന്ന് ഉത്രാടപ്പാച്ചിൽ
1453083
Friday, September 13, 2024 11:50 PM IST
തൊടുപുഴ: തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്ന് ഉത്രാടപ്പാച്ചിലിനായി ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങുന്നതോടെ നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാകും. ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയെങ്കിലും വിട്ടുപോയ സാധനങ്ങളെല്ലാം ഇന്നാണ് വാങ്ങുക. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തുനിന്ന മഴ മാറി മാനം തെളിഞ്ഞതും ഓണവിപണിക്ക് ഉണർവേകുന്നു. തിരുവോണം തൊട്ടരികെ എത്തിയതോടെ, വർണാഭമായ ആഘോഷപ്പൊലിമയിലാണ് നാട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷം പൊടിപാറുകയാണ്. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും നടന്നുവരുന്നുണ്ട്.
നാടെങ്ങും തിരക്കോട് തിരക്ക്
പ്രധാന ടൗണുകളെല്ലാം ദിവസങ്ങളായി ഓണത്തിരക്കിൽ അമർന്നിരിക്കുകയാണ്. കുടുംബസമേതം വിപണിയിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ പ്രധാന ടൗണുകൾ വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്ന അവസ്ഥയായി. വസ്ത്രവ്യാപാര ശാലകൾ, ഗൃഹോപകരണ വിപണി, ചിപ്സ് കടകൾ, ഓണം വിപണനമേളകൾ തുടങ്ങി എല്ലായിടത്തും തിരക്കാണ്.
ഓഫറുകളുടെ പൊടി പൂരമാണ് വിപണിയിൽ. കാറുകൾ മുതൽ ഇരുചക്ര വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, സ്വർണ നാണയങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയെല്ലാം കാട്ടി സ്ഥാപനങ്ങൾ ഉപയോക്താക്കളെ ആകർഷിക്കുന്നു.
മുൻ ദിവസങ്ങളിലേതു പോലെ വസ്ത്രവ്യാപാര ശാലകളിൽ മത്സരക്കച്ചവടമാണ് നടക്കുന്നത്. ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇന്നലെ രാത്രി വരെ തുടർന്നു.
ഓണക്കോടിയെടുക്കാനും സദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും കൂടുതൽ പേർ ഇന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തും.
സജീവമായി പച്ചക്കറി വിപണി
ഉത്രാട ദിനമായ ഇന്ന് ഏറ്റവും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത് പച്ചക്കറി വിപണിയിലാണ്. കൂടുതൽ ഉത്പന്നങ്ങൾക്കും ഇത്തവണ കാര്യമായ വിലക്കയറ്റമില്ലാത്തത് സാധാരണക്കാർക്ക് അനുഗ്രഹമാകും. പലപ്പോഴും ഓണനാളുകളിൽ പച്ചക്കറി വില കുതിച്ചുകയറുകയാണ് പതിവ്. വള്ളിപ്പയർ, പാവയ്ക്ക, പച്ചമാങ്ങ തുടങ്ങി ചില ഇനങ്ങളുടെ വിലയിൽ മാത്രമാണ് വർധനയുള്ളത്.
ജില്ലയിൽ മിക്കയിടങ്ങളിലും വഴിയോരക്കച്ചവടം ഉൾപ്പെടെ പച്ചക്കറികളുടെ വിൽപന തകൃതിയായി നടക്കുന്നുണ്ട്. ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ്, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ ഓണച്ചന്തകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
പാഴ്സലായി സദ്യ
ഓണസദ്യ വീട്ടിലൊരുക്കാൻ സമയമില്ലാത്തവർക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സർവീസുകളും ഓണസദ്യ തയാറാക്കി നൽകുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. വിഭവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വിലയിലും മാറ്റം വരും. എങ്കിലും തൂശനില ഉൾപ്പെടെ എല്ലാ സദ്യവട്ടങ്ങളും ഒരുക്കിയാണ് പാഴ്സൽ നൽകുന്നത്. ഹോട്ടലുകളിൽ കുടുംബ സമേതം സദ്യ കഴിക്കുന്നതിനും ക്രമീകരണമൊരുക്കിയിട്ടുണ്ട്.
പായസമേളകളാണ് വിപണിയിലെ മറ്റൊരു ആകർഷണം. പാലട, അടപ്രഥമൻ, പരിപ്പ്, ഗോതന്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിംഗ് ഇന്നലെയും തകൃതിയായി നടന്നു. നഗരപ്രദേശങ്ങളിലാണ് പാഴ്സൽ ഓണസദ്യക്കു ആവശ്യക്കാർ കൂടുതൽ.
സിനിമയ്ക്കും തിരക്കേറി
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള പ്രതിസന്ധി ഉണ്ടെങ്കിലും ഓണം റിലീസ് സിനിമകൾ എത്തിയതിനാൽ തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഒഴുക്കും വർധിച്ചു. എന്നാൽ മുൻനിര നടൻമാരുടെ ചിത്രങ്ങളുടെ റിലീസ് ഈ ഓണക്കാലത്ത് ഇല്ലാത്തതിൽ സിനിമാ പ്രേമികൾ നിരാശയിലാണ്. ഓണാവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഏറെ പ്രതീക്ഷയിലാണ്.
നിർദേശവുമായി ട്രാഫിക് പോലീസും
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് റോഡ് നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് പോലീസ്. കഴിയുന്നതും പാർക്കിംഗ് ഏരിയകളിൽ തന്നെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുക. റോഡിന്റെ വശങ്ങളിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്തു പോകരുത്.
ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുന്ന വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുത്. മുന്നിലുള്ള വാഹനം നീങ്ങുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.
ട്രാഫിക് ബ്ലോക്കിലും മറ്റും അനാവശ്യമായി ഹോണ് മുഴക്കി മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. ഇടതുവശത്തു കൂടിയുള്ള ഓവർടേക്കിംഗ് ഒഴിവാക്കുക.
ട്രാഫിക് ബ്ലോക്കിൽ മുന്നിലുള്ള വാഹനവുമായി ഒരു സുരക്ഷിത അകലം പാലിക്കാൻ ശ്രദ്ധിക്കുക. വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിംഗ് ഏരിയയിൽനിന്നു വാഹനവുമായി റോഡിലേക്കു പ്രവേശിക്കുന്പോൾ ഏറെ ശ്രദ്ധിക്കുക. മത്സരബുദ്ധിയോടെ വാഹനമോടിക്കരുത്. വേഗം കുറച്ചു ഓടിക്കുക.
വാഹനം നിർത്തുന്നതിനും തിരിക്കുന്നതിനും മുന്പ് കൃത്യമായ സിഗ്നൽ നൽകുക. സീബ്രാലൈനുകൾ ഇല്ലാത്ത ഭാഗങ്ങളിലും കാൽനടക്കാർ റോഡ് കുറുകേ കടക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ ചെലുത്തണമെന്നും പോലീസ് പറയുന്നു.