പോസ്റ്റ്മോർട്ടം: സമീപ ആശുപത്രികളെ പരിഗണിക്കണമെന്ന്
1452833
Thursday, September 12, 2024 11:26 PM IST
ഇടുക്കി: പീരുമേട് താലൂക്കിൽ അത്യാഹിതങ്ങളോ ആത്മഹത്യയോ മൂലം മരിക്കുന്നവരുടെ മൃതശരീരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളജിലോ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യവകുപ്പ് ഡയറക്ടറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ ആത്മഹത്യയോ അത്യാഹിതമോ കാരണം മരിക്കുന്നവരുടെ മൃതശരീരങ്ങൾ ജില്ലയിലെ ആശുപത്രികളിൽത്തന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശത്തിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പീരുമേട്ടിലെ പഞ്ചായത്തുകളിൽനിന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് 100 കിലോമീറ്റർ ദൂരമുണ്ടെന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് 55 കിലോമീറ്റർ മാത്രമാണുള്ളതെന്നും പരാതിക്കാരനായ പെരുവന്താനം സ്വദേശി മുഹമ്മദ് നിസാർ പരാതിയിൽ പറഞ്ഞു.
അതത് ജില്ലകളിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഡോക്ടർമാരും പോലീസും നിർബന്ധം പിടിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ഈ സാഹചര്യത്തിലാണ് പീരുമേട് താലൂക്കിലെങ്കിലും ഇളവ് നൽകാൻ കഴിയുമോ എന്ന് കമ്മീഷൻ ആരാഞ്ഞത്.