മട്ടുപ്പാവിൽ വസന്തം വിരിയിച്ച് സൗമ്യ ടീച്ചർ
1452830
Thursday, September 12, 2024 11:26 PM IST
കാഞ്ഞാർ: ടൗണിന് സമീപമുള്ള പനച്ചിക്കൽ സൗമ്യ ടീച്ചറിന്റെ വീടിന്റെ മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന ബന്ദിപ്പൂക്കൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഇവിടെ പൂവിട്ടുനിൽക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
പൂക്കളെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യ മഹേഷ് പരീക്ഷണം എന്ന നിലയിലാണ് ബന്ദിപ്പൂക്കൾ കൃഷി ചെയ്തത്. 240 ബന്ദിച്ചെടികളാണ് തൊടുപുഴ കാഡ്സിൽനിന്നു വാങ്ങി ഗ്രോബാഗിൽ നട്ടു വളർത്തിയത്. രണ്ടു മാസംകൊണ്ട് ചെടികൾ പൂവിട്ടു.
ഈരാറ്റുപേട്ട ജിഎച്ച്എസ്എസിലെ അധ്യാപികയായ സൗമ്യ പൂക്കളോടുള്ള ഇഷ്ടത്താലാണ് ടെറസിൽ പൂകൃഷിയൊരുക്കിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് മഹേഷും മക്കളായ ആരോണും അമേയയും പൂ കൃഷിക്ക് സഹായവുമായി സൗമ്യക്കൊപ്പമുണ്ട്.
ഓറഞ്ചും മഞ്ഞയും നിറമുള്ള ബന്ദിപ്പൂക്കളുടെ വർണ വിസ്മയം കണ്ടറിയാൻ നിരവധി പേരാണ് സൗമ്യയുടെ വീട്ടിലെത്തുന്നത്.