പൂച്ചപ്ര കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
1452277
Tuesday, September 10, 2024 10:46 PM IST
മുട്ടം: പൂച്ചപ്ര കല്ലംപ്ലാക്കൽ സനലിനെ (40) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പ്രതി ഉണ്ണിയെന്ന് വിളിക്കുന്ന ചേലപ്ലാക്കൽ അരുണിനെയാ (35) ണ് ജീവപര്യന്തം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടയ്ക്കാനും തൊടുപുഴ അഡിഷണൽ നാല് കോടതി ജഡ്ജി പി.എൻ. സീത ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണം.
2022 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ അരുണും സനലും ഒരുമിച്ചു മദ്യപിക്കുന്നതിനിടയിൽ തൊഴിൽക്കൂലി വീതം വയ്ക്കുന്നതിനെ സംബന്ധിച്ചു ണ്ടായ തർക്കത്തെ ത്തുടർന്ന് പ്രതി സനലിനെ കുത്തികൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ ദൃക്സാക്ഷികളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകൾ നിർണായകമായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കന്പി പ്രതിയുടെ വീട്ടുവളപ്പിലെ ആഞ്ഞിലി മരത്തിന്റെ പൊത്തിൽനിന്നും കുറ്റസമ്മതമൊഴി പ്രകാരം കണ്ടെത്തിയതും സാക്ഷികളുടെ മൊഴികളും കേസിൽ നിർണായകമായി.
കാഞ്ഞാർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ഇ.കെ. സോൾജി മോനാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷ് ഹാജരായി.