വിപണിയിലെ പരിശോധന തുടരും: ജില്ലാ കളക്ടർ വി. വിഗ്നേശ്വരി
1452005
Monday, September 9, 2024 11:46 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ജില്ലയിൽ എല്ലായിടത്തും നടത്തുമെന്നു ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. തൊടുപുഴയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുകയായിരുന്നു കളക്ടർ.
നിയമലംഘനം കണ്ടെത്തിയ ആറു സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് പിഴ ചുമത്തുന്നതടക്കമുള്ള നിയമനടപടികൾക്കായി നോട്ടീസ് നൽകി. റവന്യു, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയത്.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വില്പന വിലയേക്കാൾ കൂടിയവില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 18004251125, 04862 220066 എന്നീ നന്പറുകളിൽ വിളിച്ചറിയിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.