വണ്ണപ്പുറം: പഞ്ചായത്തു കുളത്തിൽ മീനുകൾ ചത്തുപൊങ്ങി. വണ്ണപ്പുറം ടൗണിലുള്ള കുളത്തിലാണ് ചൊവ്വാഴ്ച മുതലാണ് മീനുകൾ ചത്തുപൊങ്ങിയത്. തുടക്കത്തിൽ ചെറുമീനുകളാണ് ചത്തത്. പിന്നീട് വലിയ മീനുകളും കൂട്ടത്തോടെ ചത്തുപൊങ്ങി.
കുളത്തിൽ വളരുന്ന പായലിലെ വിഷാംശമാണ് മീനുകൾ ചത്തു പൊങ്ങാൻ കാരണമെന്നു കരുതുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു പറഞ്ഞു. കുളത്തിൽനിന്നുള്ള വെള്ളം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കുളം വറ്റിച്ചു വൃത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ നാട്ടുകാർ പറയുന്നത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം കുളത്തിലേയ്ക്കെത്തുന്നത് മൂലമാണ് വലിയ മഴക്കാലത്ത് കുളത്തിലെ മീൻ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.