തൊടുപുഴ നഗരമേഖലയിൽ അജ്ഞാതജീവിയുടെ കാൽപ്പാട് കണ്ടെത്തിയത് ആശങ്ക പരത്തി
1423370
Sunday, May 19, 2024 3:57 AM IST
തൊടുപുഴ: വടക്കുംമുറി ഉത്രം റസിഡൻസിക്ക് സമീപത്തെ റോഡിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത് പ്രദേശവാസികളെ ആശങ്കയിലാക്കി. പുലിയുടെ കാൽപ്പാടാണിതെന്ന പ്രചാരണം ഉണ്ടായതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. .
തൈയക്കോടത്ത് ജയകൃഷ്ണന്റെ വീടിനു മുന്നിലൂടെ പോകുന്ന മണ്ണിട്ട റോഡിലാണ് കാൽപ്പാട് കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് തൊടുപുഴ ഫ്ളൈയിംഗ് സ്ക്വാഡിലെ റേഞ്ച് ഓഫീസർ മനു കെ. നായരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ചു.
കാട്ടുപൂച്ചയുടേതിന് സമാനമായ കാൽപാടുകളാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലെ ചില മേഖലകളിലും ജനങ്ങൾ പുലിയുടെ ഭീതിയിൽ കഴിയുന്നതിനിടെയാണ് അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടെത്തിയത്.