ഇനി നാലുനാൾ: അവസാന തന്ത്രം മെനഞ്ഞ് മുന്നണികൾ
1418036
Monday, April 22, 2024 3:30 AM IST
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാലു ദിവസം മാത്രം ബാക്കി നിൽക്കെ അവസാന വട്ട പ്രചാരണ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് മുന്നണി പ്രവർത്തകർ. മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്താനായി അവസാനവട്ട ഓട്ട പ്രദക്ഷിണത്തിലാണ് സ്ഥാനാർഥികൾ. മൂന്നു മുന്നണിയിലെയും സ്ഥാനാർഥികളും ഓരോ നിയോജക മണ്ഡലത്തിലും ഒന്നിൽ കൂടുതൽ തവണ പര്യടനം പൂർത്തിയാക്കി.
അവശേഷിക്കുന്ന ദിവസങ്ങളിലും പരമാവധി ആളുകളെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനു പുറമേ മുന്നണി പ്രവർത്തകർ വീടു വീടാന്തരം കയറിയിറങ്ങി ലഘുലേഖകളും മറ്റും വിതരണം ചെയ്തുവരുന്നുണ്ട്. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രമുള്ളതിനാൽ വാഹനങ്ങളിലും മറ്റുമുള്ള ശബ്ദപ്രചാരണവും സജീവമാണ്. കനത്ത ചൂട് വക വയ്ക്കാതെയാണ് ആവേശപൂർവം പ്രചാരണം മുന്നേറുന്നത്.
ഇതിനിടെ ഡിജിറ്റൽ പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന സ്വാധീനം മുന്നിൽക്കണ്ടാണ് അവസാന വട്ടം ആരോപണങ്ങളും പ്രത്യോരോപണങ്ങളുമായി ഡിജിറ്റൽ മോഡിൽ വോട്ടുറപ്പിക്കാനുള്ള തന്ത്രം പയറ്റുന്നത്.
ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന മാർഗങ്ങൾ കൂടി കണ്ടെത്തി കണ്ടന്റുകളടക്കം തയാറാക്കിയാണ് വോട്ടർമാരുടെ മനസ് മാറ്റാനടക്കമുള്ള തന്ത്രങ്ങൾ മുന്നണികൾ മെനയുന്നത്. പൊതുയിടങ്ങളിലെ യോഗങ്ങളിലും മറ്റും മൈക്ക് വച്ച് പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ ചലനം ഉണ്ടാക്കിയെടുക്കാൻ സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണങ്ങൾക്ക് സാധിക്കുന്നുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി താഴെത്തട്ടിലെ പ്രവർത്തകർ മുതൽ പിആർ ഏജൻസികൾ വരെയാണ് ഓരോ മുന്നണികൾക്കും പ്രചാരകരായിട്ടുള്ളത്.
മണ്ഡലത്തിൽ ഡിജിറ്റൽ തരംഗം സൃഷ്ടിക്കാൻ ലക്ഷങ്ങളാണ് ചില ഏജൻസികൾ ഈടാക്കുന്നത്. ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് റീൽസ്, വാട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ, ആനിമേഷൻ വീഡിയോ, ഓഡിയോ വീഡിയോ ആൽബങ്ങൾ, ഷോർട്ട് ഫിലിം, ട്രോളുകൾ, എസ്എംഎസ് സന്ദേശങ്ങൾ തുടങ്ങി സർവമാർഗങ്ങളും ഉപയോഗിച്ചാണ് പ്രചാരണം.
അരങ്ങു തകർത്ത് സൈബറിടങ്ങൾ
അവസാന വട്ടം പ്രചാരണച്ചൂട് മുറുകുന്പോൾ മൂന്ന് മുന്നണികളും തങ്ങളുടെ പാർട്ടിയെ പുകഴ്ത്തിയും എതിർപാർട്ടിയെ വിമർശിച്ചും ട്രോളിയുമുള്ള പോസ്റ്റുകൾ തങ്ങളുടെ പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സൈബർ പോരാളികൾ ഇവർക്കുണ്ട്.
രാഷ്ട്രീയ എതിരാളികൾക്ക് നേരേ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളികളുടെ പ്രധാന ജോലി.
യുഡിഎഫ്, എൽഡിഎഫ്, ബിജെപി സൈബർ പോരാളികൾ, സൈബർ വോയ്സ്, സൈബർ വിംഗ്സ് എന്നീ സാമൂഹ്യ പേജുകൾക്ക് പുറമേ, പോരാളി ഷാജിയും പോരാളി വാസുവും ഇടത് വലതു ചേരികളിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി സജീവമാണ്.
പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ട.
അതേസമയം മുൻകരുതലോടെ വേണം സൈബറിടങ്ങൾ കൈകാര്യം ചെയ്യാനെന്നും അധികൃതർ പറയുന്നു. സ്ഥാനാർഥികളെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ മോർഫ് ചെയ്തതും ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിച്ചമച്ചതുമായ വീഡിയോകൾ പ്രചരിക്കാനിടയുണ്ട്.
ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷണവും നടന്നുവരുന്നുണ്ട്. വടകര സംഭവം സംസ്ഥാനത്ത് വലിയ വിവാദമായതോടെ വളരെ സൂക്ഷിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം സൈബർ പോരാളികൾ കൈകാര്യം ചെയ്യുന്നത്.
ആവേശം വിതറി ഫുട്ബോൾ ലഹരിയും
തൊടുപുഴ: തെരഞ്ഞെടുപ്പ് ആവേശമാക്കാൻ കാൽപന്ത് കളിയും. തൊടുപുഴ സോക്കർ സ്കൂൾ മൈതാനത്താണ് തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ഇന്നലെ ഫുട്ബോൾ മൽസരം സംഘടിപ്പിച്ചത്.
കളക്ടേഴ്സ് ഇലവനും ജില്ലാ പോലീസ് ടീമുമാണ് മൈതാനത്ത് കളിയാവേശം നിറച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പോലീസ് ടീം കളക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തി. ദേശീയ താരവും അത്ലറ്റുമായ സജീഷ് ജോസഫ് മത്സരം കിക്ക് ഓഫ് ചെയ്തു.
ജില്ലാ കളക്ടർ ഷീബ ജോർജ് , ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, സബ് കളക്ടർ ഡോ.അരുണ് എസ്. നായർ, ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, സ്വീപ് നോഡൽ ഓഫീസർ ലിബു ലോറൻസ്, തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർ പി.എ. സലീം കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ജേതാക്കൾക്കുള്ള ട്രോഫി കളക്ടർ ഷീബ ജോർജും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപും സമ്മാനിച്ചു.
ബോധവത്കരണ ക്ലാസ് നടത്തി
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണം ലക്ഷ്യമിട്ട് അതിഥി തൊഴിലാളികൾക്കായി ഹിന്ദിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥൻ എം. ലിവിംഗ്സ്റ്റൻ ക്ലാസ് നയിച്ചു.
കരിക്കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ പരിപാടിയിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു.