ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ച സംഭവം: കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
1417676
Sunday, April 21, 2024 3:26 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മഹിളാ അസോസിയേഷന്, കെഎസ്യു തുടങ്ങിയ സംഘടനകള്‍ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി. രാവിലെ കെഎസ്യു പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് വൈഷ്ണവ്, സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്, അരുണ്‍ അരവിന്ദ്, അനില്‍ കട്ടൂപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പിന്നാലെ, അഖിലേന്ത്യ ജനാതിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം നിര്‍മലാ നന്ദകുമാര്‍, നേതാക്കളായ ബിന്ദു സഹദേവന്, ലതാ രാജാജി, ലതാ ഗോപകുമാര്‍, സജന ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വരുംദിവസങ്ങളിലും ബാങ്കിനെതിരേ പ്രതിഷേധം കടുപ്പിക്കുവാനാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് പോലീസിന്റെ ശക്തമായ കാവല്‍ ബാങ്കിന് മുമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വീട്ടമ്മയുടെ മരണം ദൗര്‍ഭാഗ്യകരം: ബാങ്ക് അധികൃതര്‍
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വായ്പ ഈടാക്കല്‍ നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തില്‍ ബാങ്ക് അധികൃതര്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഈ വീട്ടിലെ താമസക്കാരിയായ വ്യക്തിക്ക് വായ്പ നല്‍കിയിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി.
മറ്റൊരു വായ്പക്കാരന് ബാങ്കില്‍നിന്ന് 2015 സെപ്റ്റംബറില്‍ ലോണെടുക്കുകയും അത് 2018 മാര്‍ച്ചില്‍ നിഷ്ക്രിയ ആസ്തി ആയി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷനാണ് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.
പണയ വസ്തുവിന്മേലുള്ള വീണ്ടെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ബാങ്ക് നിയമ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.