സ്ഥാനമാനങ്ങൾ കുടുംബസ്വത്തല്ലെന്ന് ഡിസിസി പ്രസിഡന്റ്
1374794
Friday, December 1, 2023 12:23 AM IST
നെടുങ്കണ്ടം: പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങൾ ആരുടെയെങ്കിലും കുടുംബസ്വത്താണന്ന ധാരണ വച്ചുപൊറുപ്പിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗം റാബി സിദ്ദിഖ് കെപിസിസിയുടെ തീരുമാനം ലംഘിച്ചതിനെതിരേയായിരുന്നു പ്രസിഡന്റിന്റെ വിമർശനം. മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് പരാജയം നേതാക്കളുടെ പിടിപ്പുകേടുമൂലം സംഭവിച്ചതാണെന്നും ഡിസിസി പ്രസിഡന്റ് വിമർശിച്ചു.
നവകേരള സദസുമായി ബന്ധപ്പെട്ട് കരുണാപുരം പഞ്ചയാത്ത് അംഗം കോൺഗ്രസ് നിലപാടിനെതിരേ പ്രവർത്തിച്ചത് ഗൗരവമായി കാണും. ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കുന്ന കാര്യം ആലോചിക്കും.
കോണ്‍ഗ്രസ് നേതാക്കളുടെ കുഴപ്പംകൊണ്ടുതന്നെയാണ് മലനാട് ബാങ്കിന്റെ ഭരണം നഷ്ടമായത്. ബാങ്കിലേക്കുള്ള സ്ഥാനാര്‍ഥിനിര്‍ണയം ശരിയായ രീതിയിലായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ താനുമായി കൂടിയാലോചന നടത്തിയില്ല. എങ്കിലും, നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തോല്‍വിയില്‍നിന്നു കൈകഴുകാന്‍ നേതാക്കൾക്കു കഴിയില്ലെന്നും സി.പി. മാത്യു കുറ്റപ്പെടുത്തി. തോല്‍വി സംബന്ധിച്ച് പാര്‍ട്ടി അവലോകനം നടത്തും.
കോണ്‍ഗ്രസ് നെടുങ്കണ്ടം വെസ്റ്റ് മണ്ഡലം പ്രസിഡന്റായി രാജേഷ് ജോസഫും കരുണാപുരം മണ്ഡലം പ്രസിഡന്റായി കെ.കെ. കുഞ്ഞുമോനും ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിസിസി പ്രസിഡന്റ്.
യോഗങ്ങളിൽ കെ.എന്‍. തങ്കപ്പന്, കെപിസിസി സെകട്ടറി തോമസ് രാജന്, കെപിസിസി നിര്‍വാഹക സമിതിയംഗം ഇബ്രാഹിംകുട്ടി കല്ലാര്‍, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന്, കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, റോയി കൊല്ലംപറമ്പിൽ, രാജു എടത്വ, എ.ഡി. വര്‍ഗീസ്, ജോയി ഉലഹന്നാന്, അനില്‍ കട്ടുപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.