വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
1339792
Sunday, October 1, 2023 11:25 PM IST
ഉപ്പുതറ: മുറ്റത്തു നിന്ന വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തവാരണ പൂങ്കാവനം വീട്ടിൽ ചൊള്ളമാടിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കാട്ടിൽനിന്നു വന്ന പന്നിയുടെ ആക്രമണത്തിൽ ഇവർ തേയിലക്കാട്ടിലേക്കു വീണു. വയറിലും തുടയിലും രണ്ടു കൈകൾക്കും സാരമായി പരിക്കുണ്ട്. ഇവരെ ഉപ്പുതറ സി.എച്ച്.സി യിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ലോൺട്രി എസ്റ്റേറ്റിന്റെ ഭാഗമാണ് തവാരണ. യൂണിയനുകൾ തൊഴിലാളികൾക്കു വീതിച്ചു കൊടുത്ത ഭൂരിഭാഗം പ്ലോട്ടുകളും കാടു പിടിച്ചു കിടക്കുകയാണ്.
ഇവിടം കാട്ടുപന്നികളുടെ ആവാസ കേന്ദ്രമാണ്. കാട്ടുപന്നിയുടെ ശല്യം കാരണം ഈ പ്രദേശത്ത് സന്ധ്യ കഴിഞ്ഞാൽ ആൾ സഞ്ചാരമില്ല.
പകൽ സമയത്തും കാട്ടുപന്നി നാട്ടിലിറങ്ങാൻ തുടങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് കാക്കത്തോട് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തിയിരുന്നു.