മലയോര ഹൈവേ നിർമാണം: മണ്ണിടിഞ്ഞ് രണ്ട് കുടുംബങ്ങൾ ഭീഷണിയിൽ
1339788
Sunday, October 1, 2023 11:25 PM IST
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വീതി കൂട്ടുന്നതിന് മണ്ണു നീക്കിയതോടെ തോണിത്തടി, പരപ്പ് എന്നിവിടങ്ങളിൽ രണ്ടിടത്ത് വീടുകൾ ഭീഷണിയിലായി.
തോണിത്തടി മുണ്ടന്താനം ഷാജിയുടെ വീടിന്റെ മുറ്റവും മതിലും ഇടിഞ്ഞു. ഇതിനോടു ചേർന്നു ചെരിഞ്ഞു നിന്ന വൈദ്യൂതി തൂണിന്റെ മുകൾഭാഗത്ത് കെഎസ്ആർടിസിബസ് തട്ടി ലൈൻ കമ്പി പൊട്ടിവീഴുകയും തൂൺ നിലം പൊത്തുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് മണ്ണിടിച്ചിലും മറ്റും ഉണ്ടായത്. ഇതോടെ മൂന്നു മണിക്കൂറോളം ഉപ്പുതറ സബ് സ്റ്റേഷനു കീഴിൽ വൈദ്യൂതി തടസമുണ്ടായി. പരപ്പ് കളരിപ്പറമ്പിൽ ഷാജിയുടെ വീട്ടിലേക്കു കയറുന്ന വഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
റോഡിലേക്കിറങ്ങാൻ മാർഗമില്ലാത്ത സ്ഥിതിയിലാണ് വീട്ടുകാർ. ഞായറാഴ്ച ആയതിനാൽ മണ്ണു നീക്കാൻ ഹൈവേ നിർമാണ കമ്പനിയുടെ പണിക്കാരും എത്തിയില്ല.
അടുത്ത ദിവസം നിർമാണം വിലയിരുത്താൻ എത്തുന്ന മലയോര ഹൈവേയുടേയും കിഫ്ബിയുടേയും ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിലവിൽ ഉണ്ടായിട്ടുള്ള പരാതികൾക്ക് പരിഹാരം കാണുമെന്ന് അയ്യപ്പൻകോവിൽ പഞ്ചായത്തു പ്രസിഡന്റ് ജയ്മോൾ ജോൺസൺ അറിയിച്ചു.