ബെവ്കോ ഷോപ്പുകളിൽ മിന്നൽ പരിശോധന: ക്രമക്കേട് കണ്ടെത്തി
1339773
Sunday, October 1, 2023 11:02 PM IST
തൊടുപുഴ: ജില്ലയിലെ ബിവ്റേജസ് ഒൗട്ട്ലെറ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കൊച്ചറ, പൂപ്പാറ, മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിലെ ബിവറേജസ് കോർപ്പറേഷന്റെ ഒൗട്ട്ലെറ്റുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതിനു പുറമേ ജീവനക്കാർ ദിവസ വേതനത്തിനു പുറമേ നിന്ന് ആളുകളെ നിയമിച്ചതായും ഇവർ ഒൗട്ട്ലെറ്റുകളിൽ ജോലിയെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചറയിലെ ഒൗട്ട്ലെറ്റിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്നയാളുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 20,000 രൂപ പിടിച്ചെടുത്തു. കൂടാതെ ഷോപ്പിൽ കണക്കു ക്ലോസ് ചെയ്ത ശേഷം 5,000 രൂപ കൂടുതലുള്ളതായും കണ്ടെത്തി. ഉപ്പുതറയിൽ ക്ലോസിംഗിനു ശേഷം കൂടുതലായി കണ്ട 15,460 രൂപ പിടിച്ചെടുത്തു. സ്റ്റോക്കിൽ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്.
പൂപ്പാറ ബിവറേജസ് ഷോപ്പിൽ രണ്ടുപേരെ സഹായികളായി അനധികൃതമായി നിയമിച്ചതായി കണ്ടെത്തി. ഇവിടെ 2,690 രൂപയുടെ കുറവ് സ്റ്റോക്കിൽ കണ്ടെത്തി. മൂന്നാറിൽ ബിൽ തുകയേക്കാൾ കൂടുതൽ വന്ന 1,027 രൂപ പിടിച്ചെടുത്തു.
രാജാക്കാട് ഷോപ്പിൽ ബിൽ തുകയെക്കാൾ 13,332 രൂപ കുറവുള്ളതായും കണ്ടെത്തി. വിവിധ കേന്ദ്രങ്ങളിൽ മദ്യത്തിന്റെ സ്റ്റോക്കിൽ കുറവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മദ്യം പൊതിഞ്ഞു കൊടുക്കുന്നതിനായി വൗച്ചർ എഴുതി പേപ്പർ വാങ്ങുന്നതിന്റെ പേരിൽ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും മദ്യം പൊതിഞ്ഞു കൊടുക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
കൃത്യമായ ഇടവേളകളിൽ എക്സൈസ് ഉദ്യോഗസ്ഥർ ഒൗട്ട്ലെറ്റുകളിൽ പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസ്, ഇൻസ്പെക്ടർമാരായ ടിപ്സണ്‍ തോമസ്, ടി.ആർ. കിരണ്‍, ഷിന്റോ പി. കുര്യൻ, അജിത് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഉപ്പുതറ വിദേശ മദ്യവിൽപനശാലയിൽ റെയ്ഡ്: ക്രമക്കേട് കണ്ടെത്തി
ഉപ്പുതറ: ഉപ്പുതറ വിദേശ മദ്യവിൽപന ശാലയിൽ നടന്ന വിജിലൻസ് റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ മൂൺ ലൈറ്റ് എന്ന പേരിൽ വിജിലൻസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായിരുന്നു റെയ്ഡ്.
പരിശോധനയിൽ 15,460 രൂപ അധികവും സ്റ്റോക്കിൽ വ്യത്യാസവും കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം 6.30തോടെയാണ് പരിശോധന ആരംഭിച്ചത്.
മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്നു കൂടുതൽ വില ചില ജീവനക്കാർ വാങ്ങുന്നതായും കുറഞ്ഞ വിലയുള്ളവ സ്റ്റോക്ക് ഉണ്ടെങ്കിലും വില കൂടിയവ അടിച്ചേൽപ്പിച്ച് കന്പനി ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങുന്നതുമായുള്ള പരാതികളെ തുടർന്നാണ് വിജിലൻസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ഇടുക്കി ജില്ലയിൽ അഞ്ച് ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധന ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്.