ജില്ലയിൽ പട്ടയ നടപടികൾ പുനരാരംഭിക്കുന്നു; 3000 പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യും
1339487
Saturday, September 30, 2023 11:57 PM IST
ഇടുക്കി: ജില്ലയിൽ 3000 പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നു ജില്ലാകളക്ടർ. സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ ചട്ടങ്ങൾ പ്രകാരം 6458 പട്ടയങ്ങൾ വിതരണം ചെയ്തു. പൊന്മുടി ഡാമിന്റെ 10 ചെയിനിനു പുറത്തുള്ള കൈവശക്കാർക്കു പട്ടയം അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായി കൈവശഭൂമിയുടെ സർവേ പൂർത്തീകരിച്ചു.
കട്ടപ്പന ടൗണ്ഷിപ്പിൽ ഉൾപ്പെട്ട കൈവശ ഭൂമിക്കു പട്ടയം അനുവദിക്കുന്നതിനു പ്രത്യേക സർവേ ടീമിനെ നിയോഗിച്ചതായും കളക്ടർ പറഞ്ഞു. കാന്തിപ്പാറ വില്ലേജിൽ പട്ടയനടപടികളുടെ ഭാഗമായി വ്യക്തിഗത സർവേ നടത്തി റിക്കാർഡുകൾ പൂർത്തീകരിച്ചു.
ഉടുന്പൻചോല താലൂക്കിലെ ആടുവിളുന്താൻ കുടി, കോമാളിക്കുടി, ചേന്പളം പട്ടികവർഗ സെറ്റിൽമെന്റ് എന്നിവിടങ്ങളിൽ പട്ടയം അനുവദിക്കുന്നതിന് സർവേ ടീമിനെ നിയോഗിച്ചു.
ഇടുക്കി ഡാമിന്റെ മൂന്നു ചെയിൻ, കല്ലാർകുട്ടി, ചെങ്കുളം ഡാമുകളുടെ 10 ചെയിൻ എന്നിവിടങ്ങളിലെ കൈവശക്കാരുടെ പട്ടയ വിഷയം വ്യക്തമായ റിപ്പോർട്ട് സഹിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സെക്രട്ടറിതലത്തിൽ തീരുമാനമെടുക്കുന്നതിന് റവന്യു, വൈദ്യുതി, ജലവിഭവവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു നിർദേശം നൽകി.
വനാവകാശ രേഖ
ഇടമലക്കുടി നിവാസികൾക്കു വനാവകാശ രേഖ അനുവദിക്കുന്നതിന് നടപടികൾ പൂർത്തിയായി വരികയാണ്. മറയൂർ വില്ലേജിലെ ഒള്ളവയൽ, മാങ്ങാപ്പാറ കുടികളിലെ 102 പേർക്ക് വനാവകാശരേഖ നല്കുന്നതിനായി സർവേ ടീമിനെ നിയോഗിച്ചു.
വ്യാജ പട്ടയം, മറ്റു ക്രമക്കേടുകൾ എന്നിവ മൂലം വിവിധ സർക്കാർ ഏജൻസികളുടെ പരിശോധന നടന്നിട്ടുള്ളതിനാൽ പതിവ് നടപടികൾ തടസപ്പെട്ട വാഗമൺ, ഏലപ്പാറ വില്ലേജുകളിലെ പട്ടയ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ പുനഃരാംഭിച്ചിട്ടുണ്ട്.
ഈ വില്ലേജുകളിൽ മാത്രം 500 പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ചിന്നക്കനാൽ വില്ലേജിലെ നാലായിരത്തോളം പേർക്കു പട്ടയം അനുവദിക്കുന്നതിനും നടപടി നടന്നുവരികയാണ്.
വനംവകുപ്പ് വക നിയമതടസം
കരിമണ്ണൂർ ഭൂമി പതിവ് ഓഫീസിനു കീഴിലുള്ള പ്രദേശങ്ങളിലും ഇടുക്കി, കഞ്ഞിക്കുഴി പ്രദേശങ്ങളിലും പട്ടയം അനുവദിക്കുന്നതിന് വനംവകുപ്പ് നിയമതടസം ഉന്നയിച്ചിരുന്നു.
തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരം സാങ്കേതിക തടസങ്ങളില്ലാതെ പട്ടയം അനുവദിക്കുന്നതിന് ഭേദഗതി ശിപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പട്ടയം നല്കുന്നതിന് 2000 ഫയലുകളിൽ നടപടി പൂർത്തീകരിച്ചു.
കാലാവധി നീട്ടി നൽകി
കുറ്റിയാർവാലി പ്രദേശത്ത് നിശ്ചിത സമയപരിധിക്കുള്ളിൽ തറവില അടയ്ക്കുന്നതിന് സാധിക്കാത്ത 350 അപേക്ഷകർക്ക് കാലതാമസം ഒഴിവാക്കി കാലാവധി നീട്ടി നൽകി ഉത്തരവായിട്ടുണ്ട്. 350 അപേക്ഷകർക്ക് അടിയന്തരമായി പട്ടയം അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചു.
ദേവികുളം താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർ അനുവദിച്ച പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നു കളക്ടർ അറിയിച്ചു.