പാറമട വേണ്ടേ വേണ്ട... പ്രതിഷേധമതിൽ തീർത്ത് പ്രത്യേക ഗ്രാമസഭ; വികാരം ഉൾക്കൊണ്ട് ഭരണസമിതി
1339269
Friday, September 29, 2023 11:27 PM IST
ആലക്കോട്: പഞ്ചായത്തിൽ ഇനി പാറമടയ്ക്ക് അനുമതി നൽകേണ്ടതില്ലെന്ന തീരുമാനവുമായി ഭരണസമിതി. നിലവിൽ അഞ്ചു പാറമടകളാണ് ആലക്കോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. ഒന്ന്, ആറ്, ഏഴ്, ഒൻപത്, 11 വാർഡുകളിലാണ് നിലവിൽ പാറമടകൾ ഉള്ളത്.
എന്നാൽ, അനുവദനീയമായതിൽ കൂടുതൽ നിയമം ലംഘിച്ച് പാറ പൊട്ടിച്ചതിനെത്തുടർന്നു ഒന്ന്, ഒൻപത് വാർഡുകളിലെ പാറമടകൾക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഒരുമാസം മുന്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
പഞ്ചായത്ത് പരിധിയിൽ രണ്ടു പാറമടകൾകൂടി ആരംഭിക്കുന്നതിനു അണിയറ പ്രവർത്തനം ആരംഭിച്ചതോടെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ വിളിച്ചുചേർക്കണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.
ഇതേത്തുടർന്നു വിളിച്ചുചേർത്ത പ്രത്യേക ഗ്രാമസഭയിൽ ജനങ്ങൾ ഒന്നടങ്കം പാറമടയ്ക്കെതിരേ രംഗത്തു വരികയും പ്രമേയം പാസാക്കുകയും ചെയ്തു. ഗ്രാമസഭയുടെ തീരുമാനം പഞ്ചായത്ത് ഭരണസമിതിയും അംഗീകരിക്കുകയായിരുന്നു.
13 അംഗ ഭരണസമിതിയിൽ കോണ്ഗ്രസ്-അഞ്ച്, കേരളകോണ്ഗ്രസ്-നാല്, സിപിഎം-രണ്ട്, സിപിഐ-ഒന്ന്, സ്വത-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ സിപിഎമ്മിലെ ഇ.എസ്. റാഷിദ് തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. കൃത്യമായ രേഖകൾ ഹാജരാക്കുന്നപക്ഷം അനുമതി നൽകണമെന്ന നിലപാടായിരുന്നു ഇദ്ദേഹത്തിന്േറത്. സിപിഐ പ്രതിനിധി കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകൾ പ്രവർത്തിക്കുന്ന പഞ്ചായത്താണ് ആലക്കോട്. പഞ്ചായത്തിന്റെ വിസ്തിർണം അനുസരിച്ച് താങ്ങാവുന്നതിലധികം പാറമടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം, പഞ്ചായത്ത് ലൈസൻസ് ലഭ്യമായില്ലെങ്കിലും അപേക്ഷ നൽകി ഒരുമാസത്തിനു ശേഷം കോടതി മുഖാന്തിരം ലൈസൻസ് നേടിയെടുക്കാൻ ഉടമകൾക്ക് സാധിക്കും. അങ്ങനെ വന്നാൽ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലാതെ വരികയും ചെയ്യും.
ഇപ്രകാരം അനുമതി ലഭ്യമാകുന്ന സാഹചര്യമുണ്ടായാൽ പകുതിയിലധികം വാർഡുകളിലും പാറമടകളുള്ള പഞ്ചായത്തായി ആലക്കോട് മാറും.