ദേശീയപാതയിൽ അപകട പരമ്പര; ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു
1339040
Thursday, September 28, 2023 11:17 PM IST
പീരുമേട് : ദേശീയപാത 183 അമലഗിരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 9.30 ഓടെയാണ് 40-ാം മൈലിൽ അപകടം സംഭവിച്ചത്.കുമളിയിലേക്കു പോവുകയായിരുന്ന മിനി വാനിൽ അമിതവേഗതയിൽ വന്ന വാഗണർ കാർ ഇടിക്കുകയായിരുന്നു.
ഇടിയിൽ ഡീസൽ ടാങ്കിൽനിന്നു ഡീസൽ ഒഴുകി റോഡിൽ പരന്നു. ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നു. ഡീസൽ പരന്നൊഴുകിയത് അറിയാതെ എത്തിയ മൂന്നു കാറുകൾ അപകടത്തിൽപ്പെട്ടു.
കൂടാതെ മൃഗാശുപത്രിയുടെ മൊബൈൽ യൂണിറ്റിൽ ഇന്നോവ കാർ ഇടിച്ച് അപകടമുണ്ടായി.
പീരുമേട് ഹൈവേ പോലീസ് സ്ഥലത്തെത്തി പീരുമേട് ഫയർ ഫോഴ്സിന്റെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി.
രാവിലെ പത്തിന് അമലഗിരിയിൽ സ്വകാര്യബസിൽ മാരുതി 800 ഇടിച്ച് അപകടമുണ്ടായി. അപകടങ്ങളിൽ ആർക്കും പരിക്കില്ല.