ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറിയില്‍നിന്നു പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി
1338818
Wednesday, September 27, 2023 11:31 PM IST
നെടുങ്കണ്ടം: ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറിയില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. നെടുങ്കണ്ടത്തിന് സമീപം കല്ലാറില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചിയിലെ ഗോഡൗണില്‍നിന്നു നെടുങ്കണ്ടത്തെ പമ്പിലേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി. കല്ലാറിന് മുകളില്‍നിന്നുള്ള വളവും ഇറക്കവും ഇറങ്ങുന്നതിനിടെ ലൈനര്‍ ചൂടായതാണ് പുക ഉയരാന്‍ കാരണം.
മുന്‍വശത്തെ ടയറില്‍ നിന്നാണ് പുക ഉയര്‍ന്നത്. പുക ശ്രദ്ധയില്‍പ്പെട്ട വനിതാ ഡ്രൈവറായ സുമയ്യ ഉടന്‍തന്നെ വാഹനം നിര്‍ത്തുകയും ഫയര്‍ ഫോഴ്സിലും പോലീസിലും വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് നെടുങ്കണ്ടത്തുനിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളം പമ്പുചെയ്ത് പുക ശമിപ്പിക്കുകയായിരുന്നു. പിന്നീട് ടാങ്കര്‍ ലോറി നെടുങ്കണ്ടത്തെ പമ്പിലെത്തിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തിയശേഷമാണ് ഇന്ധനം പമ്പിലേക്ക് മാറ്റിയത്.