മൺതിട്ടയ്ക്കു മുകളിൽ ‘ലൈഫി’നായി സോണിയയും മറിയാമ്മയും
1338507
Tuesday, September 26, 2023 11:05 PM IST
ഉപ്പുതറ: റോഡ് പുറന്പോക്കിലാണ് മാട്ടുക്കട്ട മണ്ണനാൽ സോണിയയും പന്തപ്പാട്ട് മറിയാമ്മയും. പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെയും വീട് അനുവദിച്ചില്ല.
രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രണ്ടു പേരും വിധവകളുമാണ്. ഇതൊന്നും പഞ്ചായത്ത് പരിഗണിക്കുന്നില്ല. എന്നാൽ രാഷ്ട്രീയ പരിഗണന വച്ച് അടുത്തു താമസിക്കുന്ന മറ്റ് ആറു പേർക്ക് ലൈഫ് പദ്ധതിയിൽ വീടു നൽകി.
മൺകട്ടകൊണ്ടു നിർമിച്ച വീട്ടിൽ രണ്ടു പെൺകുട്ടികളുമായാണ് സോണിയ കഴിയുന്നത്. ഹൃദ്രോഗിയും ഭിന്നശേഷിക്കാരിയുമാണ് മറിയാമ്മ. മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി ഇവരുടെ വീടിനു സമീപംവരെ മണ്ണെടുത്തതോടെ വീട് തിട്ടയ്ക്കു മുകളിലായി.
ശക്തമായ മഴ പെയ്താൽ വീട് തകർന്നു വീഴുമെന്ന ഭീതിയിലാണിവർ. വീട് റോഡ് അലൈൻമെന്റിനു പുറത്തായതിനാൽ കരാറുകാരൻ സഹായിക്കില്ല. 2012 മുതൽ ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വീടു നൽകാൻ അധികൃതർ തയാറായിട്ടില്ല.
മണ്ണെടുത്തതോടെ വീട് അപകടാവസ്ഥയിലായ വിവരം പഞ്ചായത്തംഗം സോണിയ ജെറി ഭരണസമിതിയെ ബോധ്യപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. തങ്ങളുടെ ദുരവസ്ഥയ്ക്കു പരിഹാരം തേടി ജില്ലാ കളക്ടറെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് സോണിയയും മറിയാമ്മയും.