നിക്ഷേപത്തട്ടിപ്പ്: ആക്ഷൻ കൗൺസിൽ ധര്‍ണ നടത്തി
1338497
Tuesday, September 26, 2023 11:04 PM IST
നെടുങ്കണ്ടം: നിക്ഷേപത്തട്ടിപ്പ് ആരോപിച്ച് ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. 36 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
തട്ടിപ്പ് നടത്തിയ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും തട്ടിപ്പിന് ഒത്താശ ചെയ്ത സഹകരണ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
സാധാരണക്കാരായ ജനങ്ങള്‍ അവരുടെ കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസം, ചികിത്സ, വീട് നിര്‍മ്മാണം എന്നിവയ്ക്കുമായി സ്വരൂപിച്ച തുകയാണ് ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന് അപഹരിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.
മര്‍ച്ചന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജയിംസ് മാത്യു, വ്യാപാരി സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, ജോണ്സണ് കൊച്ചുപറമ്പില്‍, ജയിംസ് കൂടപ്പാട്ട്, ടി. പ്രകാശ്, തോമസ് താഴത്തേടത്ത്, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.