ഉണ്ടപ്ലാവിൽ സംഘർഷം: വീടുകയറി ആക്രമിച്ചെന്ന് പരാതി
1338271
Monday, September 25, 2023 10:43 PM IST
തൊടുപുഴ: ഉണ്ടപ്ലാവിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റിന് പരിക്കേറ്റു. കഴിഞ്ഞ് 23ന് രാത്രിയായിരുന്നു ഇവിടെ സംഘർഷമുണ്ടായത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന.
രണ്ടുപാലം സിറ്റിയിൽ സംഘർഷം ഉണ്ടായപ്പോൾ ഇവരെ തന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് വിരട്ടിയോടിക്കുകയും തുടർന്ന് കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിൽ തന്നെ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റ കെ.എം.നിഷാദ് പറഞ്ഞു.
വീടും സ്കൂട്ടറും അടിച്ചു തകർക്കുകയും ചെയ്തുവെന്നും നിഷാദ് പറയുന്നു. പിന്നീട് പോലീസ് എത്തിയപ്പോഴാണ് അക്രമി സംഘം പിരിഞ്ഞു പോയത്. എന്നാൽ രണ്ടു സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
ഉണ്ടപ്ലാവിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെ പ്രവർത്തനം ശക്തമാണെന്നും പോലീസ് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ പറഞ്ഞു.