ജലജീവൻ മിഷൻ അവലോകനയോഗം ചേർന്നു
1338270
Monday, September 25, 2023 10:43 PM IST
ഇടുക്കി: ജലജീവൻ മിഷൻ ജില്ലാതല ജല ശുചിത്വമിഷന്റെ അവലോകനയോഗം ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിർവഹണ സഹായ ഏജൻസികൾക്ക് പദ്ധതി നടത്തിപ്പിന്റെ ഭാഗമായ തുക അനുവദിക്കുന്നതിനുള്ള അനുമതി നൽകുന്നതിനും പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണ് യോഗം ചേർന്നത്.
വാട്ടർ അഥോറിറ്റി തൊടുപുഴ ഡിവിഷനു കീഴിൽ ജല ജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി 53409 ഫംഗ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 219.5 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ 14519 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ളവ നിർമാണ പുരോഗതിയിലാണ്. വാട്ടർ അഥോറിറ്റി കട്ടപ്പന ഡിവിഷനു
കീഴിൽ 179829 ഫംഗ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 2519.45 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ 9482 എണ്ണം പൂർത്തിയാക്കി. ജലനിധിയുടെ കീഴിൽ 3946 ഫംഗ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 8.5 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ 2831 എണ്ണം പൂർത്തിയാക്കി. ഭൂജല വകുപ്പിന് കീഴിൽ 3937 ഫംഗ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 10.03 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതിൽ 691 എണ്ണത്തിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 580 എണ്ണം പൂർത്തിയാക്കി.
ജലജീവൻ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ത്രികക്ഷി കരാറിൽ നിയമിച്ച ഐഎസ്എ കളുടെ ക്ലെയിം യോഗത്തിൽ അംഗീകരിച്ചു.
31 പഞ്ചായത്തുകളിലായി ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി, സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ, ഗാന്ധിജി സ്റ്റഡി സെന്റർ, എന്റർപ്രണർഷിപ് ഡെവലപ്മെന്റ് സൊസൈറ്റി, രാജീവ് യൂത്ത് ഫൗണ്ടേഷൻ, സൊസൈറ്റി ഫോർ ഓറിയന്േറഷൻ ആൻഡ് റൂറൽ ഡെവലപ്മെന്റ്, സോഷ്യൽ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, കുടുംബശ്രീ എന്നീ ഐഎസ്എകൾക്ക് 57 ക്ലെയിമുകളിലായി 86,42,925 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി കൂടുതൽ വാളന്റിയർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാതല ജല ശുചിത്വമിഷൻ സെക്രട്ടറി ജി.ജെതീഷ് കുമാർ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.