വണ്ടിപ്പെരിയാറിൽ എയർഫോഴ്സിന്റെ പരീക്ഷണപ്പറക്കൽ സത്രത്തിലേക്ക് ഹെലികോപ്റ്റർ പറന്നിറങ്ങി
1337292
Friday, September 22, 2023 12:08 AM IST
വണ്ടിപ്പെരിയാർ: എൻസിസി കേഡറ്റുകൾക്കു വിമാനപ്പറക്കൽ പരിശീലനത്തിനായി വണ്ടിപ്പെരിയാർ സത്രത്തിൽ നിർമിച്ച എയർസ്ട്രിപ്പിൽ ഇന്ത്യൻ എയർഫോഴ്സിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഹെലികോപ്റ്റർ പരീക്ഷണപ്പറക്കൽ നടത്തി.
ഇടുക്കി ജില്ലയിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ എൻഡിആർഎഫിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് സത്രം എയർസ്ട്രിപ്പിൽ പരീക്ഷണപ്പറക്കലും ഹെലികോപ്റ്റർ ലാൻഡിംഗും നടത്തിയത്.
സത്രം എയർസ്ട്രിപ്പിന് ചുറ്റും നാലു റൗണ്ട് വട്ടമിട്ടതിനു ശേഷമാണ് ഹെലികോപ്റ്റർ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. സത്രം എയർ സ്ട്രിപ്പിൽ എത്ര ഹെലികോപ്റ്ററുകൾ ഇറക്കാൻ സാധിക്കും, ഇവിടെനിന്നു എൻഡിആർഎഫിന്റെ സേവനങ്ങൾ നടത്താനാകും എന്നിവയാണ് പരിശോധിക്കുന്നത്.
പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നെന്നും സ്ട്രിപ്പിൽ ചില പണികൾകൂടി നടത്തേണ്ടതുണ്ടെന്നും പരിശോധനാ സംഘം നിർദേശിച്ചിട്ടുണ്ടെന്നു സിഇഒ കെ.ജി. ശ്രീനിവാസ അയ്യർ അറിയിച്ചു.
2022 ഡിസമ്പർ ഒന്നിന് എൻസിസിയുടെ വൈറസ് എസ്ഡബ്ല്യു 80 എന്ന ചെറുവിമാനം സത്രം എയർസ്ട്രിപ്പിൽ ഇറക്കി പരിശീലന പറക്കൽ പൂർത്തീകരിച്ചിരുന്നു.
ജില്ലയിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ എയർ സ്ട്രിപ്പ് ഉപയോഗിക്കുന്നതിനു ക്രമീകരണം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിനും എൻസിസിക്കും കത്ത് നൽകിയിരുന്നു.
ഇതേത്തുടർന്ന് എൻസിസിയുടെ ആവശ്യപ്രകാരമായിരുന്നു വ്യോമസേനയുടെ പരിശോധന. പ്രകൃതിദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളിലേക്കു വ്യോമസേനയാണ് ദുരിതനിവാരണ സേനാംഗങ്ങളെ എത്തിക്കുന്നത്.
തമിഴ്നാട് കോയമ്പത്തൂർ കുളുരിൽനിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ സംഘം ഇന്നലെ രാവിലെ 11-ഓടെ ഇടുക്കിയിലേക്ക് തിരിച്ചു. 11.40-ഓടെ സത്രത്തിൽ എത്തി.അതേമയം, കഴിഞ്ഞ ജൂലൈയിൽ എയർസ്ട്രിപ്പിൽ ഇടിഞ്ഞ ഭാഗം ഇനിയും പുനർനിർമിച്ചിട്ടില്ല.