രജിസ്ട്രേഷൻ പുതുക്കാൻ കഴിയുന്നില്ല: നഴ്സുമാർ പ്രതിസന്ധിയിൽ
1337036
Wednesday, September 20, 2023 11:11 PM IST
തൊടുപുഴ: നഴ്സിംഗ് കോഴ്സ് പാസായവർക്കു നഴ്സിംഗ് കൗണ്‍സിലിൽ രജിസ്റ്റർ ചെയ്യാനും പുതുക്കാനും കഴിയുന്നില്ലെന്നു പരാതി. ഓണ്‍ ലൈനിലാണ് നഴ്സിംഗ് കൗണ്‍സിലിൽ രജിസ്ട്രേഷൻ നടത്തേണ്ടത്.
ഇതിനായി അപേക്ഷ ഓണ്‍ലൈനിൽ സമർപ്പിച്ച് നിശ്ചിത ഫീസ് അടയ്ക്കുന്പോൾ ഒരു അപേക്ഷ നന്പർ കംപ്യൂട്ടറിൽ തെളിയുമെങ്കിലും അതിന്റ പ്രിന്റ് എടുക്കാൻ കഴിയാറില്ലെന്ന പരാതി വ്യാപകമാണ്.
അപേക്ഷ നന്പർ എഴുതിയെടുക്കുന്നതിനു മുന്‍പു തന്നെ സൈറ്റിൽനിന്ന് അപ്രത്യക്ഷമാകും. ഫോണിലോ ഇ മെയിലിലോ നന്പർ വരികയുമില്ല. ഇത് അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്.
വ്യക്തതയില്ല
അപേക്ഷ നന്പർ അറിയാത്തതിനാൽ അപേക്ഷയുടെയും പണം അടച്ച രസീതിന്റെയും പ്രിന്റ് എടുക്കാനും കഴിയില്ല. പിന്നീട് അപേക്ഷ നന്പർ അറിയണമെങ്കിൽ നഴ്സിംഗ് കൗണ്‍സിലിൽ വിളിക്കണം. ഇതിനായുള്ള 0471- 277 4100 എന്ന നന്പറിൽ വിളിച്ചാൽ ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
അപേക്ഷയുടെ പ്രിന്റും സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പിയും അയച്ചു കൊടുത്താലേ രജിസ്ട്രേഷൻ പുതുക്കാൻ കഴിയുകയുള്ളു.
ഫീസ് അടച്ചിട്ടും നന്പർ എടുക്കാൻ കഴിയാത്തവർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഏറെ ബുദ്ധിമുട്ടുന്നു
ഇടുക്കി ജില്ലയിൽനിന്നുൾപ്പെടെയുള്ള നഴ്സുമാരാണ് ഏറെ ബുദ്ധി മുട്ടുന്നത്. രജിസ്ട്രേഷനും പുതുക്കലിനുമായി വലിയ ഫീസ് ഈടാക്കുന്ന സ്ഥാപനമാണ് നിരുത്തരവാദപരമായി പെരുമാറുന്നതെന്നാണ് പരാതി.
ഇപ്പോൾ അപേക്ഷ നന്പർ അറിയാൻ തിരുവനന്തപുരത്തിന് പോകേണ്ട അവസ്ഥയിലാണ് പലരും. വിദേശത്തു ജോലി ചെയ്യുന്ന നഴ്സുമാർ നാട്ടിൽ എത്തുന്ന സമയത്താണ് രജിസ്ട്രേഷൻ പുതുക്കുന്നത്. അവരും ഇപ്പോൾ പ്രതിസന്ധിയിലാണ്