തിരുവോണം ബംപർ ജില്ലയിൽ ഭാഗ്യം പരീക്ഷിച്ചത് 3,04,095 പേർ
1337034
Wednesday, September 20, 2023 11:08 PM IST
തൊടുപുഴ: ഇരുപത്തഞ്ച് കോടിയുടെ ഭാഗ്യം സംസ്ഥാനത്തിന്റെ അതിർത്തി കടന്നു പോയെങ്കിലും ജില്ലയിലും ഭാഗ്യം പരീക്ഷിച്ചത് ആയിരക്കണക്കിനു പേർ. ഓണം ബംപർ ടിക്കറ്റുകളുടെ റിക്കാർഡ് വില്പനയാണ് ജില്ലയിൽ നടന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ കുടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിഞ്ഞു. ഇന്നലെ അവസാന മണിക്കൂറുകളിലും ഓണം ബംപർ വിൽപ്പന തകൃതിയായിരുന്നു. ജില്ലാ ലോട്ടറി ഓഫീസിന് പുറമെ അടിമാലി , കട്ടപ്പന സബ് ഓഫീസുകൾ വഴി 3,04,095 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇത്തവണ 3,54,000 ടിക്കറ്റുകളാണ് ജില്ലയിൽ വില്പനയ്ക്കായി എത്തിച്ചത്. 49,905 ടിക്കറ്റുകൾ വിൽക്കാതെ അവശേഷിച്ചു. 2022 ൽ വില്പനയ്ക്കായി കൊണ്ടുവന്ന 2,66,000 ടിക്കറ്റുകളും വിറ്റു തീർന്നിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ 38,095 ടിക്കറ്റുകളാണ് ഈ വർഷം അധികമായി വിറ്റത്. ജൂലൈ 26 നാണ് സംസ്ഥാന തലത്തിൽ തിരുവോണം ബംപർ വിൽപ്പന ആരംഭിച്ചത്. ജില്ലാ തലത്തിലുള്ള ഉദ്ഘാടനവും വില്പനയും തൊടുപുഴയിൽ ജില്ലാ കളക്ടർ ഷീബ ജോർജാണ് നിർവഹിച്ചത്.
ജില്ലയിലെ ഓരോ മേഖലകളിലുമുള്ള ഏജന്റുമാർ, മൊത്ത വില്പനക്കർ, തൊടുപുഴ ജില്ലാ ലോട്ടറി ഓഫീസ്, കട്ടപ്പന,അടിമാലി സബ് ഓഫീസുകൾ തുടങ്ങിയവയിലൂടെയാണ് ലോട്ടറി വകുപ്പ് ജില്ലയിൽവില്പനയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഓണം ബംപർ ഇത്തവണ ടിക്കറ്റ് വില്പന നടത്തിയ ഏജന്റുമാർക്കും കമ്മീഷൻ ഇനത്തിൽ മികച്ച വരുമാനം നേടിക്കൊടുത്തു.