വനത്തിൽ അകപ്പെട്ട യുവാക്കളെ രക്ഷിച്ചു
1337033
Wednesday, September 20, 2023 11:08 PM IST
വണ്ണപ്പുറം: കോട്ടപ്പാറയിൽ മഞ്ഞു കാണാനെത്തിയ യുവാക്കൾ വഴി തെറ്റി വനമേഖലയിൽ അകപ്പെട്ടു. മട്ടാഞ്ചേരി സ്വദേശികളായ അവന്ത് (19) സ്റ്റാൻസിൻ (20) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വഴി തെറ്റിയെത്തിയ ഇവർ വനത്തിൽനിന്നു പുറത്തുകടക്കാനാവാതെ വന്നതോടെ പോലീസ് ഹെല്പ് ലൈൻ നന്പറിൽ ബന്ധപ്പെട്ട് സഹായമഭ്യർഥിച്ചു.
പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് അറിയിച്ചതിനെ തുടർന്ന് കാളിയാർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ നാലരയോടെ ഇവരെ കണ്ടെത്തി.
സ്റ്റേഷനിൽ എത്തിച്ച ഇവർക്ക് പ്രഥമ ശുശ്രുഷയും ഭക്ഷണവും നൽകിയ ശേഷം മാതാപിതാക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം പറഞ്ഞയച്ചു.
സംഭവം അറിഞ്ഞ ഉടനെ വനമേഖലയിൽ അകപ്പെട്ട യുവാക്കളെ കണ്ടെത്തുന്നതിനായി കാളിയാർ പോലീസ് വനംവകുപ്പിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
എസ്ഐ ഷിജി കെ.പോൾ, സിവിൽ പോലീസ് ഓഫീസർമാരായ ഷാബിൻ സിദ്ധിഖ്, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. പുലർച്ച കോട്ടപ്പാറയിൽ നിന്നുള്ള മഞ്ഞിന്റെ ഭംഗി ആസ്വദിക്കാനാണ് ഒട്ടേറെ സഞ്ചാരികൾ ഇവിടെയെത്തുന്നത്.
അപകടസാധ്യതയുള്ളതിനാൽ വനംവകുപ്പ് ഇവിടേയ്ക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.