പുല്ലുമേട് സുൽത്താനിയ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1336794
Tuesday, September 19, 2023 11:21 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പുല്ല്മേട് സുൽത്താനിയ നിവാസികളുടെ യാത്രാ ക്ലേശം രൂക്ഷമായിട്ട് രണ്ടു വർഷം കഴിഞ്ഞു. തകർന്ന റോഡിലൂടെ കാൽ നടയാത്ര പോലും അസാധ്യമായിക്കഴിഞ്ഞു. എട്ടു വർഷം മുമ്പ് ടാർ ചെയ്ത റോഡിൽ പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സുൽത്താനിയയിലേക്കുള്ള രണ്ട് കിലോമീറ്റർ ദൂരമാണ് തകർന്നുകിടക്കുന്നത്.
2015 - 16 വർഷത്തിൽ മുൻ എം എൽ എ ഇ. എസ്. ബിജിമോളുടെ പ്രാദേശിക വികസന ഫണ്ട് അനുവദിച്ച് ഗതാഗത യോഗ്യമാക്കിയ റോഡാണ് തകർന്നു കിടക്കുന്നത്. നിർമാണം പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞപ്പോഴേ റോഡ് തകർന്ന് തുടങ്ങിയതാണ്. ഇന്ന് റോഡിൽ ടാർ കാണാൻ പോലുമില്ല.
മഴക്കാലത്ത് പല സ്ഥലങ്ങളിലും റോഡിന് കുറുകെ തോട് ഒഴുകുന്ന അവസ്ഥയാണ്. തേക്കടി - കൊച്ചി സംസ്ഥാന ഹൈവേയുടെ ഭാഗമായ പുല്ല്മേട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് സുൽത്താനിയായിലേക്കുള്ളത്. എന്നാൽ ഇവിടെ വാഹനത്തിൽ എത്തണമെങ്കിൽ രണ്ടു മണിക്കൂർ വേണം. സ്കൂൾ കുട്ടികളും രോഗികളും അടക്കം കടന്നുപോകുന്ന റോഡിനാണ് ഈ ദുർഗതി.രാവിലെയും വൈകുന്നേരവും തോട്ടം തൊഴിലാളികളുടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.