നിരാക്ഷേപപത്രമില്ലാതെ അനധികൃത നിർമാണം: മൂന്നു കെട്ടിടങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്തു
1336540
Monday, September 18, 2023 10:58 PM IST
മൂന്നാര്‍: റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം ഇല്ലാതെ അനധികൃതമായി നിര്‍മാണം നടത്തിവന്നിരുന്ന കെട്ടിടങ്ങള്‍ മൂന്നാര്‍ പഞ്ചായത്ത് ഏറ്റെടുത്തു. മൂന്നാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡായ ഇക്കാനഗറില്‍ പണികള്‍ നടന്നുവന്നിരുന്ന മൂന്നു കെട്ടിടങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തത്.
അവധിദിവസങ്ങളിലും രാത്രിയുടെ മറവിലുമായി നിര്‍മാണങ്ങള്‍ നടത്തി വന്ന കെട്ടിടങ്ങളിൽ പഞ്ചായത്തു വക ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മേഖലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതായുള്ള പരാതികളെത്തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ആവശ്യമായ രേഖകൾ ഇല്ലാതെ നിർമാണങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്.
റവന്യു ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്റെ നേതൃത്വത്തിലാണ് കെട്ടിടങ്ങൾ ഏറ്റെടുത്തത്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി സ്വീകരിച്ചത്. നിര്‍മാണം നടത്തിയവർക്ക് സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
ഉടമസ്ഥാവകാശം തെളിയിക്കാത്തപക്ഷം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും. പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശ ഭരണകൂടം അറിയിച്ചു.