വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് സുരക്ഷയൊരുക്കണം
1336335
Sunday, September 17, 2023 11:12 PM IST
ചെറുതോണി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ശുദ്ധവായുവും ശുദ്ധജലവും കാലാവസ്ഥയും പ്രകൃതിരമണീയമായ ഭൂപ്രദേശവും വിദേശ വിനോദസഞ്ചാരികൾക്കും സംസ്ഥാനത്തിന് പുറത്തുനിന്നുളളവരെയും സ്വദേശീയരെയും ഒരുപോലെ ആകർഷിക്കുന്നതാണ്.
എന്നാൽ, പ്രകൃതിയൊരുക്കിയിരിക്കുന്ന വിനോദകേന്ദ്രങ്ങളിൽ സന്ദർശകർക്ക് വേണ്ട യാതൊരു സുരക്ഷയും ഒരുക്കാൻ പ്രാദേശിക-ജില്ലാ ഭരണകൂടങ്ങളോ സംസ്ഥാന ഭരണകൂടമോ തയാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിനു പകരം ഇത്തരം കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികൾ വരുന്നത് തടയുകയാണ് ചെയ്യുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോൻപാറകുത്തിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണിപ്പോൾ ശക്തമായിരിക്കുന്നത്.
വഴുക്കലുള്ള പാറയിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ സഞ്ചാരികൾ ഇറങ്ങുന്നത് അപകടത്തിനു കാരണമാകുന്നെന്ന് പ്രദേശവാസികൾ പറയുന്നു. വട്ടോൻപാറ കൂടാതെ കഞ്ഞിക്കുഴി പഞ്ചായത്തിലെ തന്നെ അതിപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പുന്നയാർകുത്തും സഞ്ചാരികൾക്കെന്നും ഹരം പകരുന്നതാണ്.
വെള്ളച്ചാട്ടം കാണാനെത്തുന്നവർ പായൽ പിടിച്ച വഴുക്കലുള്ള പാറയിലൂടെ സാഹസിക യാത്ര നടത്തുന്നത് പലപ്പോഴും അപകടത്തിനു കാരണമാകുന്നു. ഈ പ്രദേശത്ത് വിനോദസഞ്ചാരികൾ അപകടത്തിൽപെട്ട് മരണപ്പെട്ടിട്ടുമുള്ളതാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണ് വട്ടോൻപാറ. അടിമാലി-കുമളി ദേശീയപാത കടന്നുപോകുന്ന കീരിത്തോട്ടിൽനിന്ന് വണ്ണപ്പുറം-തൊടുപുഴ-മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന സഞ്ചാരികളാണ് പ്രധാനമായും ഇവിടത്തെ ദൃശ്യ സൗന്ദര്യം ആസ്വദിക്കുവാൻ ഇറങ്ങുന്നത്.
അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും സുരക്ഷാവേലികൾ നിർമിക്കുകയും ചെയ്തു ദുരന്തസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.