ഉപ്പുതറ: വിവിധ സംസ്ഥാനങ്ങളിലെ തോട്ടംതൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക നിർണയിക്കാൻ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സുപ്രീംകോടതി ഇന്നു പരിഗണിക്കും.
സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് അഭയ് മനോഹർ സാപ്രേയയുടെ റിപ്പോർട്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ സിറ്റിംഗ് നടത്തി തൊഴിലാളികൾക്ക് ലഭിക്കാനുളള കുടിശികയുടെ കണക്കെടുപ്പ് മൂന്നു മാസം മുന്പ് കമ്മീഷൻ പൂർത്തിയാക്കിയിരുന്നു. അതാതു സംസ്ഥാന സർക്കാരുകളുടെ വിശദീകരണവും തേടിയിരുന്നു. ഇതെല്ലാം ചേർത്തുള്ള റിപ്പോർട്ടാണ് കമ്മീഷൻ തയാറാക്കിയത്.
സാമ്പത്തിക പ്രതിസന്ധിയും നടത്തിപ്പിലെ കെടുകാര്യസ്ഥതയും മൂലം കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ നിരവധി തോട്ടങ്ങളാണ് 2000-ൽ പൂട്ടിയത്. കേരളത്തിൽ പീരുമേട് ടീ കമ്പനി, ഗ്ലെൻ മേരി, ലാൺട്രം, കൊടുവാക്കരണം, മഞ്ചുമല, ഗ്രാമ്പി, നെല്ലിമല, കോഴിക്കാനം, മൗണ്ട്, തങ്കമല, ബോണക്കാട് എന്നീ എസ്റ്റേറ്റുകളാണ് പൂട്ടിയത്.
തൊഴിലാളികൾക്കു ലഭിക്കേണ്ട ഗ്രാറ്റുവിറ്റി, ശമ്പള കുടിശിക, ലീവ് വിത്ത് വേജസ്, ബോണസ് തുടങ്ങിയ കോടിക്കണക്കിനു രൂപയുടെ ആനുകൂല്യങ്ങൾ നിഷേധിച്ചായിരുന്നു അടച്ചുപൂട്ടൽ.
ഇതിനെതിരേ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഫുഡ് അഗ്രികൾച്ചറൽ ആൻഡ് അതേഴ്സ് എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി നൽകി. ആനുകൂല്യങ്ങൾ നൽകാൻ 2006ൽ സുപ്രീംകോടതി ഉത്തരവായി.
വിധി നടപ്പാക്കാത്തതിനെതിരേ 2012-ൽ സംഘടന വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണ് ആനുകൂല്യങ്ങളുടെ കണക്കെടൂപ്പ് നടത്താൻ ഏകാംഗ കമ്മീഷനെ നിയോഗിച്ചത്.