കുറ്റിയാർവാലിയില്‍ കുടിവെള്ളക്ഷാമം
1301742
Sunday, June 11, 2023 3:10 AM IST
മൂന്നാര്‍: തോട്ടംതൊഴിലാളികള്‍ അതിവസിക്കുന്ന കുറ്റിയാര്‍വാലിയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം. കുടിവെള്ളത്തിനായി നിര്‍മിച്ച ടാങ്ക് അറ്റകുറ്റപ്പണികള്‍ നടത്താത്തതും പൈപ്പുകള്‍ ആവശ്യത്തിന് സ്ഥാപിക്കാത്തതുമാണ് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം.
ദേവികുളം പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തൊഴിലാളിമേഖലകളിൽ എത്താത്തതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്കായി പതിമൂന്നു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ ഭൂമി അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 770 പേര്‍ക്ക് പത്തുസെന്റ് ഭൂമി വീതമാണ് നല്‍കിയത്. തുടര്‍ന്ന് താമസക്കാര്‍ക്കായി പഞ്ചായത്ത് പാതയോരത്ത് കുടിവെള്ള ടാങ്കും നിര്‍മിച്ചു. സ്വകാര്യ കമ്പനിയുടെ ഭൂമിയില്‍ നിന്നു പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കുകയും ചെയ്തു.
കാലക്രമേണ താമസക്കാരുടെ എണ്ണം വര്‍ധിക്കുകയും കുടിവെള്ളത്തിന്റെ ആവശ്യകത കൂടിവരികയും ചെയ്തെങ്കിലും അതിനനുസരിച്ചുള്ള കുടിവെള്ള പദ്ധതി വിപുലീകരണം ഉണ്ടായില്ല. താമസക്കാര്‍ സ്വയം പണം മുടക്കി പൈപ്പുകള്‍ സ്ഥാപിച്ചും നിലവിലുള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് ഇപ്പോള്‍ വെള്ളമെത്തുന്നത്. രാവിലെ ഒരു ഭാഗത്തേക്കും വൈകുന്നേരം മറ്റൊരു ഭാഗത്തേക്കും വെള്ളം തുറന്നുവിടുന്നതിനു വാല്‍വുകള്‍ സ്ഥാപിക്കുകയും ചെയ്തു.
വാല്‍വുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതോടെ കുടിവെള്ള വിതരണം നിലയ്ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നല്‍കിയെങ്കിലും പ്രയോജന മുണ്ടായില്ല. കുടിവെള്ളം വീടുകളില്‍ ക്യത്യമായി എത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന നടപടികളും അനിശ്ചിതത്വത്തിലാണ്. കുടിവെള്ളം കിട്ടാക്കനിയായതോടെ പലരും 1500 രൂപയോളം നല്കി വെള്ളം വിലയ്ക്കു വാങ്ങുകയാണ്. ഒരുമാസമായി ഇപ്പോൾ കുറ്റിയാര്‍വാലിയില്‍ കുടിവെള്ളമെത്തിയിട്ട്.