വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കുവച്ച് അമ്മമാർ
1301733
Sunday, June 11, 2023 3:06 AM IST
മൈലക്കൊന്പ്: വെല്ലുവിളികളെ തരണം ചെയ്ത് വിജയകരമായി ജീവിതം മുന്നോട്ടു നയിക്കുന്ന രണ്ട് അമ്മമാർ മൈലക്കൊന്പ് സെന്റ് തോമസ് കോളജിലെ സഹവാസ ക്യാന്പിന്റെ ഭാഗമായി വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കുവച്ചു. തുടങ്ങനാട് വിച്ചാട്ട് ജാസ്മിൻ അജി, ചേരാനെല്ലൂർ പറങ്ങാംകൂട്ടത്തിൽ ശ്രീജ എന്നിവരാണ് അവരുടെ ജീവിതത്തിലെ വെല്ലുവിളികളെയും അവയെ തരണം ചെയ്ത രീതികളെയും കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചത്.
ജാസ്മിൻ അജിക്ക് ഇപ്പോൾ കാഴ്ചശക്തി ഇല്ല. ബിഎ വിദ്യാഭ്യാസം നേടിയിട്ടുള്ള ജാസ്മിന് കുറച്ചു വർഷങ്ങൾക്കു മുന്പേ കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയിരുന്നു. ഏക മകൻ അപ്പുവിന് സെറിബ്രൽ പൾസിയാണ്. എന്നാൽ ഭർത്താവ് അജിക്കൊപ്പം ഉപജീവനത്തിനായി സ്വന്തമായി നെയ്യപ്പവും മറ്റു മധുരപലഹാരങ്ങളും നിർമിക്കുന്ന അപ്പൂസ് ഫുഡ്സ് തുടങ്ങി. ഇപ്പോൾ പതിനഞ്ചോളം പേർക്ക് ജോലിയും നൽകുന്നുണ്ട്.
പഠനം അവസാനിപ്പിച്ച് വീട്ടമ്മയായി കഴിയുന്നതിനിടയിൽ സ്വന്തമായി പഠിച്ച് ഡിഗ്രി സന്പാദിക്കുകയും തുടർന്ന് കോളജിൽ ചേർന്ന് പഠിച്ച് എംകോം പാസാകുകയും ചെയ്ത വ്യക്തിയാണ് ശ്രീജ. മൈലക്കൊന്പ് കോളജിൽ ഇപ്പോൾ ബിഎഡിന് പഠിക്കുന്ന മകൾ ആതിരയും അമ്മയുടെ അനുഭവങ്ങൾ കേൾക്കാൻ ഉണ്ടായിരുന്നു. അമ്മ ഇടപ്പള്ളി കോളജിൽ ഒന്നാം വർഷ പിജിക്ക് പഠിക്കുന്പോൾ മകൾ രണ്ടാം വർഷ പിജി വിദ്യർഥി ആയിരുന്നു.